ന്യൂഡൽഹി: 60 വർഷത്തിനിടെ ആദ്യമായി ലോഗോ പരിഷ്കരിക്കാനൊരുങ്ങി മൊബൈൽ ഫോൻ നിർമ്മാതാക്കളായ നോക്കിയ. നവീനമായ ആശയങ്ങൾ ഉൾക്കൊണ്ടുള്ള സമഗ്രമായ പരിഷ്കാര പരിപാടികളുടെ ഭാഗമാണ് ലോഗോ പരിഷ്കരണമെന്ന് കമ്പനി അറിയിച്ചു.
വ്യത്യസ്തമായ അഞ്ച് രൂപങ്ങൾ ചേർന്ന് നോക്കിയ എന്ന പേര് രൂപീകരിക്കപ്പെടുന്ന തരത്തിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയ ലോഗോയിലെ നീല നിറത്തിന് പകരം വ്യത്യസ്തമായ പല നിറങ്ങളാണ് പുതിയ ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നത്.
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തിന് മുൻപ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഫോൺ കമ്പനിയായിരുന്നു ഫിന്നിഷ് കമ്പനിയായ നോക്കിയ. ഫീച്ചർ ഫോണുകളുടെ കാലഘട്ടത്തിലെ ആദ്യ നാളുകളിൽ ബദ്ധ വൈരികളായ എറിക്സണുമായി കടുത്ത മത്സരമാണ് വിപണിയിൽ നോക്കിയ കാഴ്ചവെച്ചിരുന്നത്.
സ്മാർട്ട് ഫോണുകൾക്കൊപ്പം സ്വകാര്യ 5ജി ശൃംഖലകളുടെ നിർമ്മാണത്തിലേക്കും ചുവട് വെയ്ക്കുകയാണ് നോക്കിയ. ഈ രംഗത്ത് എറിക്സണ് പുറമേ ആമസോൺ, മൈക്രോസോഫ്റ്റ് എന്നീ ഭീമന്മാർക്കൊപ്പം മത്സരത്തിന് തയ്യാറെടുക്കുകയാണ് നോക്കിയ. തങ്ങളുടെ എക്കാലത്തെയും മികച്ച വിപണിയായ ഇന്ത്യയിൽ വലിയ പ്രതീക്ഷയാണ് കമ്പനി വെച്ച് പുലർത്തുന്നതെന്ന് നോക്കിയ ചീഫ് എക്സിക്യൂട്ടീവ് പെക്ക ലുൻഡ്മാർക്ക് പറയുന്നു.
Discussion about this post