ഓഫീസിന്റെ തറയിൽ കിടന്ന് ഉറങ്ങുന്ന ചിത്രത്തിലൂടെ പ്രശസ്തയായ ട്വിറ്റർ ജീവനക്കാരി എസ്തർ ക്രോഫോർഡിനെ പുറത്താക്കി. 2022 ഒക്ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ടീമിൽ അവശേഷിച്ച ചുരുക്കം ജീവനക്കാരിൽ ഒരാളായിരുന്നു എസ്തർ. ട്വിറ്റർ ബ്ലൂവിന്റെ ചുമതല വഹിച്ചിരുന്ന എക്സിക്യൂട്ടീവായിരുന്നു ഇവർ. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ ‘എങ്കിൽ ഡെഡ്‌ലൈൻ പൂർത്തിയാക്കാൻ ജോലിസ്ഥലത്ത് കിടന്ന് ഉറങ്ങേണ്ടി വരുമെന്ന്’ എസ്തർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാകാം ഇപ്പോഴത്തെ പുറത്താക്കൽ എന്ന വാദവും ഉയരുന്നുണ്ട്.
എന്റെ ശുഭാപ്തി വിശ്വാസവും കഠിനാധ്വാനവും തെറ്റായിരുന്നെന്ന് ട്വിറ്റർ 2.0 തെളിയിച്ചിരിക്കുന്നു. ബഹളങ്ങൾക്കും അരാജകത്വത്തിനും ഇടയിലും പ്രവർത്തിച്ച ടീമിനെയോർത്ത് അഭിമാനമുണ്ടെന്നും പുറത്താക്കിയതിന് പിന്നാലെ എസ്തർ ട്വിറ്ററിൽ കുറിച്ചു. 2020ലാണ് ഇവർ ട്വിറ്ററിന്റെ ഭാഗമാകുന്നത്. തുടർന്ന് ട്വിറ്ററിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, പ്രോഡക്ട് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. ഇതിന് ശേഷമാണ് ബ്ലൂ വെരിഫിക്കേഷൻ ഉൾപ്പെടെ വിവിധ പ്രോജക്ടുകളുടെ മേധാവിയായത്
കഴിഞ്ഞ വർഷം 3700 പേരെയാണ് മസ്‌ക് പുറത്താക്കിയത്. ചിലവ് ചുരുക്കുന്നതിനും കമ്പനി സാമ്പത്തിക ഭദ്രതയിലേക്ക് മാറുന്നതിനുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നായിരുന്നു മസ്‌കിന്റെ വാദം. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ 7500ഓളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. നിലവിൽ ട്വിറ്ററിൽ രണ്ടായിരത്തോളം ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്. ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഡൽഹിയിലും മുംബൈയിലും ഉൾപ്പടെ ലോകത്തെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ഓഫീസുകൾ അടച്ചു പൂട്ടുകയും ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.












