തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെഏക ‘സംരക്ഷകർ’ തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ, ട്രംപിനെ പരസ്യമായി പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്‌ചി. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ കപ്പൽപ്പാതയുടെ ഒരേയൊരു കാവൽക്കാർ ഇറാൻ മാത്രമാണെന്നും, മേഖലയിൽ നൽകിവരുന്ന സുരക്ഷാ സേവനങ്ങൾക്ക് അമേരിക്കയല്ല തങ്ങളാണ് യഥാർത്ഥത്തിൽ പ്രതിഫലം വാങ്ങേണ്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ നയങ്ങൾ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ ഇറാനെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും, അന്താരാഷ്ട്ര കപ്പലുകളുടെ സുരക്ഷയ്ക്കായി അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നതിന്റെ ചെലവിലേക്കായി കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകളിൽ നിന്നും 20 ശതമാനം നികുതി ഈടാക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇനി മുതൽ അമേരിക്ക ഈ മേഖലയിൽ ‘ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകർ’ എന്ന പേരിൽ അറിയപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പരിഹാസവുമായി ഇറാൻ വിദേശകാര്യ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പിട്ടത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ പാതയൊരുക്കുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വാദം തികച്ചും ശരിയാണെന്ന് അരാഗ്‌ചി പറഞ്ഞു. എന്നാൽ കാലാകാലങ്ങളായി ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ കാവൽക്കാർ ഇറാൻ മാത്രമാണെന്നും ആ പദവി എന്നെന്നും ഇറാന് തന്നെയായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സുരക്ഷാ പ്രതിഫലമായി അമേരിക്ക ആവശ്യപ്പെടുന്ന 20 ശതമാനം തുക വളരെ കൂടുതലാണെന്നും, എന്നാൽ ഇതേ സേവനത്തിന് ഇറാൻ ഈടാക്കുന്ന തുക തികച്ചും ന്യായമായിരിക്കുമെന്നും ട്രംപിന്റെ ബിസിനസ്സ് ബുദ്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് ഹോർമുസ് കടലിടുക്കിലെ സൈനിക പിരിമുറുക്കം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും നടത്തിപ്പിലും യാതൊരുവിധത്തിലുള്ള അമേരിക്കൻ ഇടപെടലുകളും ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സോൽഫഗാരിയും വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ചരക്കുനീക്കത്തെയും എണ്ണക്കപ്പലുകളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള കടുത്ത നിലപാടുകളിലേക്ക് വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും നീങ്ങുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.









