അബുദാബി : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ കടൽ അതിർത്തിക്കുള്ളിൽ, ഹൊർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’ , ‘അൽ ബഹിയ്യ’ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ മൊംബാസ കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. മറ്റ് എട്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രെയ്ൻ സ്വദേശികളുമാണ്; ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്.
ഇറാൻ നടത്തിയ മിസൈലാക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ‘ധിക്കാരപരമായ’ ഈ ആക്രമണം മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി.
അതേസമയം, യുഎഇ കപ്പലുകൾ തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി മൈനുകൾ സ്ഥാപിച്ച പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതിനാലാണ് ആക്രമിച്ചതെന്നും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. ടാങ്കർ ആക്രമണത്തിന് തൊട്ടുമുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൊർമുസ് കടലിടുക്കിൽ പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഈ വഴി കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും സുരക്ഷാ ഫീസായി 20% അധിക നികുതി ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.









