പത്തനംതിട്ട; ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനം ജപ്തി ഭീഷണിയിൽ. പത്തനംതിട്ട നഗരത്തിലെ റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്ത വകയിൽ നൽകാനുളള 38 ലക്ഷം രൂപ നൽകാതിരുന്നതിനെ തുടർന്നാണ് വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. കളക്ടറേറ്റിലെ എഡിഎം ഉൾപ്പെടെയുളളവരുടെ വാഹനങ്ങളും ജപ്തി സാദ്ധ്യത കണക്കിലെടുത്ത് ജീവനക്കാർ ഒളിപ്പിച്ചിരിക്കുകയാണ്.
2008 ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിൽ വന്ന വീഴ്ചയാണ് നടപടിക്ക് കാരണം. എഡിഎം, ഹുസൂർ ശിരസ്തദാർ, ഡെപ്യൂട്ടി കളക്ടർ ലാൻഡ് അക്യുസിഷൻ (എൽഎ), ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എന്നിവരുടെ വാഹനങ്ങളാണ് ജപ്തി ചെയ്യാൻ പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടത്.
കേസ് വീണ്ടും പരിഗണിക്കുന്ന നാലിന് നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ സർക്കാർ വീഴ്ചയുടെ പേരിൽ ഒരു ജില്ലാ കളക്ടരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങൾ ജപ്തി ചെയ്യുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാകും. നഷ്ടപരിഹാരം ഈടാക്കാനായി ആദ്യം കളക്ടറുടെ സബ് ട്രഷറി അക്കൗണ്ട് മരവിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വിവരം മണത്തറിഞ്ഞതോടെ ജീവനക്കാർ അക്കൗണ്ടിലെ തുക മുഴുവൻ മാറ്റി. തുടർന്നാണ് വാഹനങ്ങൾ ജപ്തി ചെയ്യാൻ നിർദ്ദേശിച്ചത്.
പൊതുമരാമത്ത് വകുപ്പാണ് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകേണ്ടത്. പണം ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ജപ്തി ഉത്തരവ് വന്നതോടെ പണം കൊടുക്കാൻ സർക്കാർ നീക്കം തുടങ്ങിയെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കളക്ടറേറ്റിൽ നിന്ന് അറിയുന്നത്. ഏപ്രിൽ 14 ന് മുൻപ് കേസ് തീർപ്പാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.













Discussion about this post