ലക്‌നൗ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയൽ ഡിസൈനറുമായ ഗൗരിഖാനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജസ്വന്ത് ഷാ എന്നയാളുടെ പരാതി പ്രകാരമാണ് നടപടി. ഗൗരി ഖാൻ ബ്രാൻഡ് അംബാസിഡറായ തുൾസിയാനി എന്ന കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനാധാരം.
തുൾസിയാനിയുടെ ലഖ്‌നൗവിലെ ഗോൾഫ് സിറ്റി ഏരിയയിലെ ഫ്‌ളാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ശേഷം കമ്പനി അധികൃതർ ഫ്‌ളാറ്റ് കൈമാറിയില്ലെന്നാണ് ഷായുടെ ആരോപണം. പകരം മറ്റാർക്കോ ഫ്‌ളാറ്റ് നൽകുകയായിരുന്നെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
ജസ്വന്ത് ഷായുടെ പരാതിയിന്മേൽ ഫ്‌ലാറ്റ് നിർമ്മാതാക്കളായ തുൾസിയാനി കൺസ്ട്രക്ഷൻ കമ്പനിയുടെ എംഡി അനിൽ കുമാർ, ഡയറക്ടർ മഹേഷ് തുൾസിയാനി എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്രാൻഡ് അംബാസിഡറായ ഗൗരി ഖാനാൽ സ്വാധീനിക്കപ്പെട്ടാണ് താൻ ഫ്‌ളാറ്റ് വാങ്ങാൻ തീരുമാനമെടുത്തതെന്ന് ജസ്വന്ത് ഷായുടെ പരാതിയിൽ പറയുന്നു.
Discussion about this post