സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥ കേട്ടിട്ടില്ലേ, ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറ് വര്‍ഷം ഉറങ്ങിപ്പോയ രാജകുമാരി. അത് വെറുമൊരു കഥയാണെങ്കില്‍ ശരിക്കുമുള്ള സ്ലീപ്പിംഗ് ബ്യൂട്ടി താനാണെന്ന് പറയുകയാണ് യുകെയിലെ ഒരു വനിത. ദിവസം 22 മണിക്കൂര്‍ വരെയാണ് ഇവര്‍ ഉറങ്ങുന്നത്. ഇവര്‍ക്ക് വേറൊരു പണിയുമില്ലേ എന്ന് കളിയാക്കരുത്. ഈ ദിവസം മുഴുവനുമുള്ള ഉറക്കം ഒരു രോഗമാണ്.
ജോയന്ന കോക്‌സ് എന്ന മുപ്പത്തെട്ടുകാരി, ഒരിക്കല്‍ ഉറങ്ങിയിട്ട് എഴുന്നേറ്റത് നാല് ദിവസം കഴിഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ ആ ഉറക്കത്തിന്റെ ഭീകരത ഊഹിക്കാനാകും. ഇഡിയോപതിക് ഹൈപ്പര്‍സോമ്‌നിയ എന്നാണ് ജോയന്നയുടെ അസുഖത്തിന്റെ പേര്. വര്‍ഷങ്ങളോളം ഈ അവസ്ഥയുമായി കഴിയുകയും അതിന്റെ പേരില്‍ ഒരുപാട് പേരുദോഷങ്ങള്‍ കേള്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഇത് വെറും തകരാറല്ല, ഒരു അസുഖമാണെന്ന് തിരിച്ചറിയുന്നത്. പകല്‍ അമിതമായി ഉറങ്ങുക, അല്ലെങ്കില്‍ ഉറക്കം തോന്നുകയെന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഈ അസുഖമുള്ളവര്‍ക്ക് ഉണര്‍ന്നിരിക്കാന്‍് ഏറെ കഷ്ടപ്പെടേണ്ടതായി വരുന്നു. അതുമൂലം അസ്വസ്ഥതകളും മാനസിക പിരിമുറുക്കവും അനുഭവിക്കേണ്ടതായി വരുന്നു. ഒരിക്കലും വിശ്രമിച്ചതായുള്ള തോന്നല്‍ ഉണ്ടാകില്ല എന്നതാണ് ഈ അസുഖം നല്‍കുന്ന മറ്റൊരു ബുദ്ധിമുട്ട്. അതുകൊണ്ടുതന്നെ ദിവസത്തില്‍ 18-22 മണിക്കൂര്‍ വരെയൊക്കെ ഉറങ്ങേണ്ടി വരും.
ഇതൊരു അസുഖമാണെന്ന് തിരിച്ചറിയപ്പെടുന്നതിന് മുമ്പ് സ്ഥലകാലബോധമില്ലാതെ ഉറങ്ങുന്ന അവസ്ഥയിലായിരുന്നു ജോയന്ന. ഒരിിക്കല്‍ രാത്രി ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയപ്പോഴും മറ്റൊരു ദിവസം കാറോടിക്കുമ്പോഴും ജോയന്ന ഉറങ്ങിപ്പോയി. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ജോയന്നയ്ക്ക് ഉറക്കം കാരണം ഒരിക്കല്‍ അവരോടൊപ്പമുള്ള അവധിക്കാല യാത്ര പോലും ഉപേക്ഷിക്കേണ്ടതായി വന്നു. വിമാനത്തില്‍ കിടന്നുറങ്ങിപ്പോയ ജോയന്നയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതാണ് അന്ന് പണിയായത്. എപ്പോഴാണ് ഉറങ്ങുക എന്ന് പറയാന്‍ പറ്റാത്തതിനാല്‍ വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന പ്രോട്ടീന്‍ ഷെയ്ക്കുകളും റെഡി മീല്‍സുകളും കഴിച്ചാണ് ഇവര്‍ ജീവിക്കുന്നത്.
ശ്രമപ്പെട്ട് ഉണര്‍ന്നിരിക്കുന്നതിനിടയില്‍ ചില വിഭ്രമ ചിന്തകളും ജോയന്നയ്ക്ക് ഉണ്ടാകാറുണ്ട്. നൂറുകണക്കിന് എട്ടുകാലികള്‍ തന്റെ കിടക്കയിലൂടെ ഇഴയുന്നത് പോലെ തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ രാവും പകലുമറിയാതെ, ഭക്ഷണം പോലും കഴിക്കാതെ നാലുദിവസം തുടര്‍ച്ചയായി ഉറങ്ങിയപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന് ആശുപത്രിയില്‍ കിടക്കേണ്ടതായും വന്നു.
2017ലാണ് ജോയന്നയ്ക്ക് ആദ്യമായി ഈ ഉറക്കപ്രശ്‌നം അനുഭവപ്പെടുന്നത്. പകല്‍സമയത്ത് വല്ലാത്ത ക്ഷീണം തോന്നുകയായിരുന്നു തുടക്കം. സ്വന്തമായി ഒരു ക്ലീനിംഗ് കമ്പനി നടത്തുകയായിരുന്നു അന്നവര്‍. ഉറക്കവും ക്ഷീണവും വില്ലനായോടെ ജോലി ചെയ്യുക ബുദ്ധിമുട്ടായി. വണ്ടിയോടിക്കുന്നതിനിടയിലും ഉറങ്ങിപ്പോകാന്‍ തുടങ്ങിയതോടെ ഡ്രൈവിംഗും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ ജോയന്ന കയറാത്ത ആശുപത്രികളില്ല. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയില്‍ ഉറക്കം കൂടുതല്‍ വഷളാകുകയും ചെയ്തു. 2019ല്‍ ജോയന്ന ജോലി ഉപേക്ഷിച്ചു. 2021ല്‍ ഒരു സ്ലീപ് ക്ലിനിക് സന്ദര്‍ശിച്ചതോടെയാണ് ഇത് അപൂര്‍വ്വം പേര്‍ക്ക് മാത്രം വരുന്ന ഇഡിയോപതിക് ഹൈപ്പര്‍സോമ്‌നിയ ആണെന്ന് കണ്ടെത്തിയത്.
അസുഖം കണ്ടെത്തിയെങ്കിലും തന്റെ ഉറക്കപ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ ജോയന്നയ്ക്ക് സാധിച്ചിട്ടില്ല. ഏഴുവര്‍ഷത്തോളമായി അവര്‍ ഈ അസുഖവുമായി മല്ലിട്ട് ജീവിക്കുന്നു. പതിനെട്ടും ഇരുപതും വയസ്സുള്ള മക്കള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമല്ല താമസിക്കുന്നത്. എങ്കിലും അമ്മയുടെ അവസ്ഥ ശരിക്കും അറിയുന്നത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തി ഉറങ്ങിക്കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി ഭക്ഷണം നല്‍കാനും മറ്റ് കാര്യങ്ങള്‍ക്കും ഇവര്‍ സഹായിക്കാറുണ്ട്. അതിരാവിലെ രണ്ടുമണിക്കൊക്കെയാണ് ജോയന്ന അല്‍പ്പമൊന്ന് ഉഷാറാകുന്നത്. അപ്പോള്‍ തന്റെ നായക്കുട്ടികളുമായി അവര്‍ നടക്കാനിറങ്ങും. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ താന്‍ ഏറ്റവുമധികം നേരം ഉണര്‍ന്നിരുന്നത് 12 മണിക്കൂര്‍ ആണെന്ന് ജോയന്ന പറയുന്നു. ജോലി ചെയ്യാനോ, വണ്ടി ഓടിക്കാനോ എന്തെങ്കിലും പ്ലാനിംഗുകള്‍ നടത്താനോ എന്തിന് ഒരു പങ്കാളിക്കൊപ്പം ജീവിക്കാനോ കഴിയാത്ത അവസ്ഥ അതിഭീകരമാണെന്ന് അവര്‍ പറയുന്നു. ചിലപ്പോഴൊക്കെ തന്റെ ഈ ഉറക്കം കാരണം മടിച്ചിയെന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുകയാണ് അവര്‍.
Discussion about this post