ഹൈദരാബാദ്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെയും അക്ബറുദ്ദീൻ ഒവൈസിയുടെയും പരാമർശത്തോട് പ്രതികരിച്ച് ബിജെപി. ഈ വീരവാദം ഉയർത്തുന്നതിന് മുൻപ് കഴിഞ്ഞ ദിവസത്തെ പത്രം ഒവൈസി വായിക്കുന്നത് നന്നായിരിക്കുമെന്ന് ബിജെപി വക്താവ് എൻ.വി സുഭാഷ് പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാമെന്നത് ഒവൈസിയുടെ വെറും സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന പത്രവാർത്തകൾ ഒവൈസി വായിക്കുന്നത് നന്നായിരിക്കും. അതുമല്ലെങ്കിൽ ടിവിയിലെ വാർത്തകൾ എങ്കിലും കണ്ടിരിക്കണം. മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ മിന്നും വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനങ്ങളാണ് ഇത് മൂന്നും. ഇവിടെ ഉജ്ജ്വല വിജയം നേടിയെങ്കിൽ അതിന് കാരണം ജനങ്ങളുടെ പിന്തുണയാണെന്നും സുഭാഷ് പറഞ്ഞു.
തെലങ്കാനയിലെ എല്ലാ പാർട്ടികളും ബിജെപിയെ മാത്രമാണ് എതിരാളികളായി കാണുന്നത്. എഐഎംഐഎമ്മും ടിഡിപിയും ചേർന്ന് സൗഹൃദ മത്സരം നടത്തുന്നു. ടിഡിപിയും ബിആർഎസും തമ്മിലുള്ള അന്തർധാരയും സജീവമാണ്. എഐഎംഐഎമ്മിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നതെങ്കിൽ 50 സീറ്റിലെങ്കിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള ധൈര്യം കാണിക്കണം. മതേതരത്വപാർട്ടിയാണ് എഐഎംഐഎം എന്ന് തെളിയിക്കാൻ ഒവൈസിയെ വെല്ലുവിളിക്കുകയാണെന്നും സുഭാഷ് കൂട്ടിച്ചേർത്തു.








