കുന്നംകുളം:അപകടത്തില്‍പ്പെട്ട് മരിക്കാന്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്ക് ജോലി നഷ്ടപ്പെട്ടു.ടിപ്പറുമായി കൂട്ടിയിടിച്ച് കാറിന്റെ സ്റ്റിയറിങ്ങില്‍ തലയിടിച്ച് രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ഡ്രൈവര്‍ വെള്ളാറ്റഞ്ഞൂര്‍ തണ്ടിലം മനയ്ക്കലാത്ത് വീട്ടില്‍ എം.പി. ബിനു (39) വിന് ജോലി നഷ്ടപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഹോട്ടലുടമ തലക്കോട്ടുകര ജഗദീഷ് നിലയത്തില്‍ ജഗദീഷ് ആസ്പത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
കുന്നംകുളം ആര്ത്താറ്റിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ആവേശം കാട്ടുകയല്ലാതെ ജനക്കൂട്ടം ജഗദീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഗുരുവായൂര്‍ -കോഴിക്കോട് റൂട്ടിലെ അമൃത ബസ്സിലെ ഡ്രൈവറായ ബിനുവാണ് ബസ്സ് നിര്‍ത്തി ജഗദീഷിനെ ആശുപത്രിയിലെത്തിച്ചത്. ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ പലരോടും യാചിച്ചെങ്കിലും ആരും കേട്ടില്ല.
ബിനു ബസ് റോഡില്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് ബസ്സിലെ യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു. പിന്നീട് കണ്ടക്ടര്‍ മറ്റൊരു ഡ്രൈവറെ വിളിച്ചുവരുത്തി സര്‍വ്വീസ് ആരംഭിച്ചു. എന്നാല്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിന് ഇനി മുതല്‍ ഈ ബസ്സില്‍ ജോലിക്കു വരേണ്ടെന്ന് അമൃത ബസ്സുമായി ബന്ധപ്പെട്ടവര്‍ ബിനുവിനെ അറിയിക്കുകയായിരുന്നു.
Discussion about this post