തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി കെ എസ് ഇ ബി. ഭക്തജനങ്ങൾ ട്രാൻസ്ഫോർമറുകൾക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ച് മാത്രമേ പൊങ്കാല ഇടാൻ പാടുള്ളൂവെന്ന് കെ എസ് ഇ ബി അറിയിച്ചു. ഒരു കാരണവശാലും ട്രാൻസ്ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കെ എസ് ഇ ബി അറിയിക്കുന്നു.
വൈദ്യുതി പോസ്റ്റിന് ചുവട്ടിൽ പൊങ്കാല ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ട്രാൻസ്ഫോർമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഉപയോഗിച്ച് മാത്രമേ ശബ്ദം, വെളിച്ചം എന്നീ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാവൂ എന്നും കെ സ് ഇ ബി നിർദേശിക്കുന്നു.
വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകൃത കോണ്ട്രാക്ടർമാരെ ഉപയോഗിച്ച് മാത്രമേ നിർവഹിക്കാവൂ. ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് കൈ എത്താത്ത ഉയരത്തിൽ വേണം സ്ഥാപിക്കാൻ. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ കൂടി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുവാൻ പാടില്ല എന്നും കെ എസ് ഇ ബി നിർദേശിക്കുന്നു.
വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ ആയ വയറുകൾ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ലെന്നും കെ എസ് ഇ ബി അറിയിക്കുന്നു.
പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തിൽ പങ്കാളികളാകുന്നവരും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും കെ എസ് ഇ ബി അറിയിക്കുന്നു.












