മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് പടുകൂറ്റൻ ജയം. 143 റൺസിനാണ് മുംബൈ ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് അടിച്ച് കൂട്ടി. മറുപടി ബാറ്റിംഗിൽ 15.1 ഓവറിൽ ഗുജറാത്ത് 64 റൺസിന് പുറത്തായി.
30 പന്തിൽ 65 റൺസെടുത്ത ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ഇന്നിംഗ്സായിരുന്നു മുംബൈ ബാറ്റിംഗിന്റെ നട്ടെല്ല്. ആദ്യം മുതൽ ആക്രമിച്ച് കളിച്ച മുംബൈ ഓപ്പണർ ഹെയ്ലി മാത്യൂസ് 31 പന്തിൽ 47 റൺസെടുത്തു. പിന്നാലെ വന്ന നതാലി സ്കീവർ ബ്രന്റ് 23 റൺസെടുത്തു. അവസാന നിമിഷത്തെ വെടിക്കെട്ടിൽ അമീലിയ കെർ 24 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി സ്നേഹ് റാണ 2 വിക്കറ്റെടുത്തു.
കൂറ്റൻ സ്കോർ പിന്തുടരാൻ ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ തിരിച്ചടി ഏറ്റു. ആദ്യ ഓവറിൽ സ്റ്റാർ ഓപ്പണറും ക്യാപ്ടനുമായ ബെഥ് മൂണി അക്കൗണ്ട് തുറക്കും മുൻപ് റിട്ടയേർഡ് ഹർട്ട് ആയത് ഗുജറാത്തിനെ ഞെട്ടിച്ചു.
ആ ഞെട്ടലിൽ നിന്നും മുക്തമാകാൻ പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഹർമൻപ്രീതും സംഘവും ഗുജറാത്തിനെ അനുവദിച്ചില്ല. 23 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്ന ദയാളൻ ഹേമലതയാണ് അവരുടെ ടോപ് സ്കോറർ. 10 റൺസ് എടുത്ത മോണിക്ക പട്ടേൽ മാത്രമാണ് പിന്നീട് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത്.
മുംബൈക്ക് വേണ്ടി സ്പിന്നർ സായ്ക ഇഷാക്ക് 3.1 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. നാറ്റ് സ്കീവർ ബ്രന്റ്, അമീലിയ കെർ എന്നിവർക്ക് 2 വിക്കറ്റുകൾ വീതം ലഭിച്ചു.
Discussion about this post