കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പോലീസ് റെയ്ഡ്. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പോലീസ് റെയ്ഡ് നടത്തുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്.
രാവിലെ പത്തരയോടെയാണ് പോലീസ് സംഘം ഓഫീസിലെത്തിയത്. ലഹരി മാഫിയയ്‌ക്കെതിരായ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്‌ക്കെതിരെയായിരുന്നു അൻവറിന്റെ പരാതി. സെർച്ച് വാറണ്ടില്ലെന്നും പോലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നും അസി. കമ്മീഷണർ അറിയിച്ചു. പരിശോധനയുമായി പൂർണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ഷാജഹാൻ അറിയിച്ചിട്ടുണ്ട്.
മലബാര്‍ റീജണിന്റെ ചുമതലയിലുള്ള ഷാജഹാനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ന്യൂസ് ഡെസ്‌ക്, എഡിറ്റ് സ്യൂട്ട്, സ്റ്റുഡിയോ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
വെള്ളയിൽ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ്, ടൗണ്‍ എസ്ഐ വി.ജിബിൻ, എ.എസ്ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പോലീസ് ഉദ്യോഗസ്ഥരും, സൈബര്‍ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ, തഹസിൽദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫീസര്‍ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്.












