തൃശൂർ: എതിർ ശബ്ദങ്ങൾ ഉയരുമ്പോഴും കാരുണ്യ പ്രവർത്തനങ്ങൾ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആകെയുള്ള വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിയ്ക്ക് സ്‌നേഹ തണലൊരുക്കിയിരിക്കുകയാണ് നടനിപ്പോൾ. ചാവക്കാട് നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിലാണ് സംഭവം.
സ്‌കൂളിന്റെ മാതൃകാപ്രവർത്തനത്തിലൂടെ ആധാരം തിരിച്ചെടുത്തെങ്കിലും, ഇവർ താമസിക്കുന്ന വീടിനു കെട്ടുറപ്പില്ല എന്നറിഞ്ഞതും വീടുവെക്കാൻ വേദിയിൽ വച്ച് തന്നെ അദ്ദേഹം നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം കേട്ടതും കുട്ടിയുടെ മാതാവ് വേദിയിൽ പൊട്ടിക്കരഞ്ഞു.
ജപ്തി ഭീഷണിയെ തുടർന്ന് വീടും പറമ്പും നഷ്ടപ്പെടുമെന്ന് കരുതിയ നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പറമ്പിന്റെ ആധാരം ബാങ്കിൽ നിന്നും മാതൃകപരമായ പ്രവർത്തനത്തിലൂടെ ജപ്തി ഒഴിവാക്കിയിരുന്നു. ആധാരം തിരിച്ചു നൽകുന്ന ചടങ്ങിൽ പങ്കു ചേരാൻ എത്തിയതായിരുന്നു അദ്ദഹേം. പരിപാടിക്കെത്തിയപ്പോഴാണ് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബം കഴിയുന്നതെന്ന് മനസിലാക്കിയത്. ഉടനെ തന്നെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഹർഷാരവത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.
ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാർ ബ്രാഞ്ചിൽ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത. ഇതറിഞ്ഞ സഹപാഠികൾ, വിദ്യാർത്ഥിനിയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകൾ വിറ്റും മൂന്ന് മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ സ്വരൂപിച്ച് അവർ ജപ്തി ഭീഷണി ഒഴിവാക്കി നൽകുകയായിരുന്നു.
Discussion about this post