ന്യൂഡൽഹി: കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ അഭയ കേന്ദ്രമായി മാറിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ വകുപ്പ് മന്ത്രി നലേദി പാൻഡർ. മറ്റ് രാജ്യങ്ങൾ കൊവിഡ് വാക്സിൻ പൂഴ്ത്തി വെച്ച കാലത്ത് ഇന്ത്യ അത് സൗജന്യമായി വിതരണം ചെയ്തു. ഭൂരിപക്ഷം രാജ്യങ്ങൾക്കും ഇന്ത്യൻ വാക്സിനുകൾ വിലകൊടുത്ത് വാങ്ങാനും പ്രയാസമുണ്ടായില്ല എന്ന് അവർ പറഞ്ഞു.
സ്വന്തമായി വാക്സിൻ വാങ്ങാൻ ശേഷിയില്ലാത്ത നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കരുതലെത്തി. ദുരിതകാലത്ത് ആഫ്രിക്കക്ക് ഒപ്പം നിന്ന ഇന്ത്യയോട് നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്നും നലേദി പാൻഡർ പറഞ്ഞു.
ആഫ്രിക്കൻ വൻകരയിൽ വാക്സിൻ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിക്കുകയാണ്. സാദ്ധ്യമാകുന്ന എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഇന്ത്യയുടെ നയം മാതൃകാപരമാണ്. ആഫ്രിക്കാൻ രാജ്യങ്ങൾക്ക് പ്രചോദനമാണ് ഇന്ത്യയുടെ ഈ കാഴ്ചപ്പാടെന്നും അവർ കൂട്ടിച്ചേർത്തു.
ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ദുർബലരുടെ ശബ്ദമാകാൻ ലോക വേദികളിൽ ഇന്ത്യക്ക് സാധിക്കും. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടാൻ ഏറ്റവും യോഗ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ലോക വീക്ഷണം ശുഭാപ്തിവിശ്വാസത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കൻ വിദേശകാര്യ വകുപ്പ് മന്ത്രി നലേദി പാൻഡർ വ്യക്തമാക്കി. ജി20 വിദേശകാര്യ മന്ത്രിമാരുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയതായിരുന്നു അവർ.










