യുകെയിലെ പീറ്റർബറോ നഗരത്തിൽ നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഏക ഹിന്ദു ക്ഷേത്രം നിലനിൽക്കുന്ന കെട്ടിട സമുച്ചയം ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക കൗൺസിൽ. ഇവിടെ പള്ളി പണിയാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ ക്ഷേത്രത്തിന്റെ അതിജീവനത്തിനായി ഇന്ത്യൻ പ്രവാസി സമൂഹം യുകെ ഹൈക്കോടതിയെ സമീപിച്ചു. ഭാരത് ഹിന്ദു സമാജ് (BHS) ക്ഷേത്രമാണ് ഇപ്പോൾ കനത്ത പ്രതിസന്ധി നേരിടുന്നത്. 1972-ൽ ഉഗാണ്ടയിലെ ക്രൂരനായ ഏകാധിപതി ഇദി അമീൻ നാടുകടത്തിയതിനെ തുടർന്ന് യുകെയിൽ അഭയാർത്ഥികളായി എത്തിയ ഇന്ത്യൻ വംശജർ പടുത്തുയർത്തിയ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണിത്. 1986 മുതൽ പീറ്റർബറോയിലെ ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സിലാണ് ഈ ക്ഷേത്രം പ്രവർത്തിച്ചുവരുന്നത്. ഈ ഭൂമിയും കെട്ടിടവുമാണ് പ്രാദേശിക കൗൺസിൽ ഇസ്ലാമിക കൂട്ടായ്മയ്ക്ക് വിറ്റഴിച്ചത്.
ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സ് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പീറ്റർബറോ സിറ്റി കൗൺസിൽ രഹസ്യമായി വിൽക്കാൻ തീരുമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ഷേത്ര ഭാരവാഹികളായ ഭാരത് ഹിന്ദു സമാജ് ഈ കെട്ടിടം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കൗൺസിൽ ഇത് പൂർണ്ണമായി അവഗണിച്ച് മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷന് കൈമാറുകയായിരുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഇവിടെ ഒരു വലിയ മസ്ജിദ് സ്ഥാപിക്കാനാണ് ഇസ്ലാമിക സംഘടന പദ്ധതിയിടുന്നത്. ഇതോടെ ഹിന്ദു വിശ്വാസികൾക്ക് തങ്ങളുടെ ആരാധനാാലയം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ പൈതൃകവും ചരിത്രവും തുടച്ചുനീക്കാനുള്ള കൗൺസിലിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് യുകെയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കിടയിൽ ഉയരുന്നത്.
വിഷയം ഇപ്പോൾ ലണ്ടനിലെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൗൺസിലിന്റെ നടപടി നിയമവിരുദ്ധമാണെന്നും ക്ഷേത്രത്തിന് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് ഭാരത് ഹിന്ദു സമാജിന്റെ ആവശ്യം. ഉഗാണ്ടയിൽ നിന്ന് സർവ്വസ്വവും നഷ്ടപ്പെട്ട് വെറുംകൈയോടെ പലായനം ചെയ്യേണ്ടി വന്ന തങ്ങളുടെ മുൻഗാമികൾ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ ഈ ക്ഷേത്രം ജീവശ്വാസം പോലെയാണ് തങ്ങൾ കാണുന്നതെന്ന് പ്രദേശത്തെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഹിന്ദുക്കൾ പറയുന്നു. യുകെയിലെ കൺസർവേറ്റീവ് പാർട്ടി പ്രതിനിധികളും ലേബർ പാർട്ടി കൗൺസിലിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യുകെയിലുടനീളമുള്ള ഹിന്ദു സംഘടനകൾ കൗൺസിലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.











