തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ടാപ്പിംഗ് കത്തി കൊണ്ട് സ്വയം കുത്തിയ യുവാവ് മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് അനീഷ് ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രിയിൽ മദ്യപിച്ച് വീട്ടിൽ എത്തിയ അനീഷ് ഭാര്യയുമായി വഴക്കിട്ടു. ഇതിൽ ഇടപെടാൻ എത്തിയ ഭാര്യയുടെ അമ്മയുടെ കൈക്ക് ഇയാൾ കടിച്ച് പരിക്കേൽപ്പിച്ചു. ഇവരെ ആശുപത്രിയിൽ കൊണ്ട് പോയി തിരികെ വന്ന ശേഷം വീട്ടിൽ ഇതിനെ ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതിനെ തുടർന്ന് സ്വന്തം ടാപ്പിംഗ് കത്തി എടുത്ത് ഇയാൾ സ്വയം കുത്തുകയായിരുന്നു.
ടാപ്പിംഗ്, ഡ്രൈവിംഗ് ജോലികൾ ചെയ്യുന്ന അനീഷ് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇതിന് മുൻപും ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു.











