മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ചെന്ന രീതിയിൽ ഉയർന്ന പരാതികളിൽ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ. ടി. ജലീൽ. ഒരു അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സ്നേഹത്തോടെ സംവദിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും വെറും തമാശയുടെ പുറത്താണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ. ടി. ജലീൽ വ്യക്തമാക്കി. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആ കുട്ടിക്കുപോലും അങ്ങനെ ഒരു അനുഭവം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ അവരുടെ രക്ഷിതാക്കൾക്കോ താൻ കാരണം അപമാനം തോന്നിയെന്ന് വ്യക്തമാക്കിയാൽ നൂറുവട്ടം പരസ്യമായി ക്ഷമ ചോദിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ അപമാനിച്ചതായി തോന്നിയിട്ടില്ലെന്നാണ് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളും വ്യക്തമാക്കിയതെന്ന് കെ. ടി. ജലീൽ പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് പൊതുവായന വളരെ കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. ഒരു മലയാളം ചെറുകഥ പോലും പല വിദ്യാർത്ഥികളും വായിച്ചിട്ടില്ലെന്നാണ് തനിക്ക് മനസ്സിലായത്. അവർ വെറും പാഠപുസ്തകങ്ങൾ മാത്രമാണ് കാണാതെ പഠിക്കുന്നത്. ആ ഒരു പശ്ചാത്തലത്തിലാണ് താൻ വിദ്യാർത്ഥികളോട് കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചത്. വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഇത്തരം പരിപാടികളിൽ സദസ്സിനെ കൂടി അതിന്റെ ഭാഗമാക്കുക എന്നത് തന്റെ പൊതുവായ രീതി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു അധ്യാപകൻ എങ്ങനെയാണോ ക്ലാസ് മുറിയിൽ മക്കളോട് കാര്യങ്ങൾ പറയുന്നത് അതേ രീതിയിലാണ് താനും സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത പരിഹാസവും കെ. ടി. ജലീൽ ഉയർത്തി. നമ്മുടെ നാട്ടിലെ മക്കളെ എല്ലാവരും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തന്നെ പറഞ്ഞയക്കണമെന്നും അവിടെനിന്നാണ് അവർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘കേരളം’ എന്നതിന് പകരം ‘കാരളം’ എന്ന് തെറ്റായി എഴുതിയത് പിണറായി സർക്കാർ വന്ന ശേഷം നമ്മുടെ സ്കൂളുകളിൽ പഠിച്ച ഏതെങ്കിലും ഒരു വ്യക്തിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒൻപതിനായിരത്തി മുന്നൂറ്റിമുപ്പത്തി രണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്ന് മാറ്റി പറഞ്ഞയാൾ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടിയാണോ എന്നും അദ്ദേഹം പരിഹസിച്ചു.









