മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ബാംഗ്ലൂരിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്.
4 ഓവറിൽ 28 റൺസിന് ബാംഗ്ലൂരിന്റെ 3 വിക്കറ്റുകൾ വീഴ്ത്തുകയും ഓപ്പണറായി ഇറങ്ങി 38 പന്തിൽ 77 റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ഓൾ റൗണ്ടർ ഹെയ്ലി മാത്യൂസ് ആണ് മുംബൈയുടെ വിജയ ശിൽപ്പി. ഹെയ്ലി തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ, 18.4 ഓവറിൽ 155 റൺസിന് പുറത്തായി. മികച്ച ബൗളിംഗ് പ്രകടനം ആവർത്തിച്ച മുംബൈക്കെതിരെ പവർ പ്ലേയിൽ തകർന്ന ബാംഗ്ലൂരിന്, പിന്നീട് കാര്യമായി മുന്നേറാൻ സാധിക്കാതെ വരികയായിരുന്നു.
3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഹെയ്ലി മാത്യൂസ് ആണ് മുംബൈ ബൗളിംഗിൽ മികച്ച് നിന്നത്. സൈക ഇഷാഖിനും അമേലിയ കെറിനും 2 വിക്കറ്റ് വീതം ലഭിച്ചു.
28 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ആണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ക്യാപ്ട്ന സ്മൃതി മന്ഥാന, ശ്രേയങ്ക പാട്ടീൽ എന്നിവർ 23 റൺസ് വീതം നേടി. കനിക അഹൂജ 22 റൺസ് നേടി.
മുംബൈ ഇന്നിംഗ്സിൽ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ബാംഗ്ലൂരിന് സാധിച്ചില്ല. ബൗളർമാർക്ക് മേൽ ശക്തമായ ആധിപത്യം പുലർത്തിയ ഹെയ്ലി മാത്യൂസ് നിഷ്പ്രയാസം മുബൈയെ വിജയത്തിലേക്ക് നയിച്ചു. 23 റൺസെടുത്ത ഓപ്പണർ യാസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്. 29 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന നഥാലി സിവർ ബ്രന്റും മുംബൈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.








