ചെന്നൈ: ഭിന്നലിംഗക്കാരിയായ യുവതിയെ സബ് ഇന്‍സ്പെക്ടറായി നിയമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന യൂണിഫോംഡ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡിന് നിര്‍ദേശം നല്കി. സേലം സ്വദേശിയായ കെ.പ്രിതിക യാഷിണിയെ സബ് ഇന്‍സ്പെക്ടറായി നിയമിക്കണമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന് ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ തമിഴ്നാട് പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തുന്ന ആദ്യ ഭിന്നലിംഗ വിഭാഗക്കാരിയാവും പ്രിതിക .ഇനിമുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതിസന്ധികള്‍ മറികടന്നാണ് പ്രിതിക തന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കെത്തുന്നത്. 2013ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷമാണ് പ്രദീപ്കുമാര്‍ തന്റെ പേര് പ്രിതിക എന്നാക്കി മാറ്റിയത്. പക്ഷേ, വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങളില്‍ പഴയ പേരുതന്നെ തുടര്‍ന്നതിനാല്‍ പ്രിതികയെ എസ്.ഐ. പരീക്ഷ എഴുതാന്‍ വിളിക്കുന്നതിന് തമിഴ്നാട് യൂണിഫോംഡ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറായില്ല. മദ്രാസ് ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രിതികയ്ക്ക് എസ്.ഐ. പരീക്ഷ എഴുതാനായത്.
കായികക്ഷമതാ പരീക്ഷയില്‍ നൂറുമീറ്റര്‍ 17.5 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണമെന്നതായിരുന്നു ബോര്‍ഡിന്റെ നിലപാട്. 18.6 സെക്കന്‍ഡെടുത്താണ് പ്രിതിക ഫിനിഷ് ചെയ്തതെന്നുകാട്ടി ബോര്‍ഡ് പ്രിതികയെ അഭിമുഖത്തിന് വിളിക്കുന്നതില്‍നിന്ന് തടഞ്ഞു. ഇവിടെയും ഹൈക്കോടതിയാണ് പ്രിതികയുടെ രക്ഷയ്ക്കെത്തിയത്. മാനസികമായ പിരിമുറുക്കമായിരിക്കണം നൂറുമീറ്റര്‍ ഓട്ടത്തില്‍ 1.1 സെക്കന്‍ഡിന് പിന്നിലാവാന്‍ കാരണമെന്നും മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനകളില്‍ വിജയിച്ചിട്ടുള്ള പ്രിതികയുടെ മൊത്തം പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇതൊരു വീഴ്ചയായി കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു
Discussion about this post