ന്യൂഡൽഹി: ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തിക്കാൻ സാധിച്ചതിലൂടെ അഴിമതിക്കും ചൂഷണത്തിനും വലിയ തോതിൽ അറുതി വരുത്താൻ സാധിച്ചതായി കണക്കുകൾ. ഇത്തരത്തിൽ അഴിമതിക്കാരെ അകറ്റി നിർത്തിയതിലൂടെ രാജ്യത്തിന് ലാഭിക്കാൻ സാധിച്ചത് ഏകദേശം 27 ബില്ല്യൺ ഡോളറാണെന്ന് സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ് വ്യക്തമാക്കി.
ഇന്ത്യയിൽ നടപ്പിലക്കിയ ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ അഥവാ ഡിപിഐ, അങ്ങേയറ്റം പ്രയോജനകരവും ഫലപ്രദവും വിശ്വസനീയവും സുശക്തവും സുതാര്യവും സുദൃഢവുമാണ്. ഇതിലൂടെ സർക്കാരിൽ നിന്നും ജനങ്ങളിലേക്കും ജനങ്ങൾക്ക് പരസ്പരവും അനായാസമായി ഇടപാടുകൾ നടത്താൻ സാധിക്കുന്നുവെന്ന് ഗ്ലോബൽ പാർട്ട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ വേദിയിൽ മുഖ്യപ്രഭാഷണം നടത്തവെ അജയ് സേഥ് ചൂണ്ടിക്കാട്ടി.
ഇടപാടുകൾ നേരിട്ട് അനായാസം നടത്താൻ സാധിക്കുന്നതിലൂടെ അഴിമതി, കൈക്കൂലി, വെട്ടിപ്പ് എന്നിവ ഗണ്യമായി കുറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള അജ്ഞത മുതലെടുക്കാൻ കാത്തിരുന്നവർക്ക് ഈ മുന്നേറ്റം വലിയ തിരിച്ചടിയായി. വാക്സിൻ വിതരണം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ പോലും ഡിജിറ്റലായത് ജനങ്ങൾക്ക് വലിയ തോതിൽ പ്രയോജനപ്പെട്ടുവെന്നും അജയ് സേഥ് വ്യക്തമാക്കി.
ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധികളെ കൃത്യമായി നേരിടാനും സുതാര്യമായ പരിഹാര മാർഗങ്ങൾ അവലംബിക്കാനും ജി20 കൂട്ടയ്മക്ക് സാധിച്ചു. ഇന്ത്യ ഇതിന്റെ അമരത്തേക്ക് വരുന്നത്, ജി20യുടെ പ്രാധാന്യം കൂടുതൽ വിശാലമാക്കുമെന്നും സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ് പറഞ്ഞു.
Discussion about this post