ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ഏഷ്യൻ വംശജനാണ് അദ്ദേഹം. അമേരിക്കൻ സെനറ്റ് നീതിന്യായ സമിതിയാണ് അരുൺ സുബ്രമണ്യന്റെ നിയമനം സ്ഥിരീകരിച്ചിരിക്കുന്നത്.
ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായി അമേരിക്കൻ പ്രസിഡൻ ജോ ബൈഡനാണ് അരുൺ സുബ്രമണ്യനെ ശുപാർശ ചെയ്തത്. 2022 സെപ്റ്റംബറിലായിരുന്നു അരുൺ സുബ്രമണ്യനെ ജില്ലാ ജഡ്ജിയായി നിയമിക്കാൻ ബൈഡൻ ശുപാർശ നൽകിയത്.
മികച്ച നിയമജ്ഞനായ അരുൺ സുബ്രമണ്യൻ ന്യൂയോർക്കിലെ തെക്കൻ ജില്ലയിലെ നിയമനത്തിന് എന്തുകൊണ്ടും അനുയോജ്യനും അർഹനുമാണെന്ന് ശുപാർശ അംഗീകരിക്കവെ സെനറ്റ് വ്യക്തമാക്കി. തെക്കൻ ഏഷ്യൻ വംശജർ ഭൂരിപക്ഷമായ മേഖലയാണ് ന്യൂയോർക്കിലെ തെക്കൻ ജില്ല.
1979ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലാണ് അരുൺ ജനിച്ചത്. 1970കളുടെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 2001ൽ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം, 2004ൽ കൊളംബിയ ലോ സ്കൂളിൽ നിന്നുമാണ് ജെഡി പാസായത്. അമേരിക്കൻ സുപ്രീം കോടതിയിൽ ഉൾപ്പെടെ പ്രവർത്തന പരിചയമുള്ള നിയമജ്ഞനാണ് അരുൺ സുബ്രമണ്യൻ.








