കൊച്ചി: ജെൻഡർ ന്യൂട്രാലിറ്റി പരാമർശത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെയായിരുന്നു ഇ പി ജയരാജൻറെ വിവാദ പരമാർശം.
പെൺകുട്ടികളെ ഷർട്ടും പാന്റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണെന്നാണ് ഇ.പി.ജയരാജൻ ആരോപിച്ചത്. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജൻ ആരോപിച്ചു. കരിങ്കൊടി കാണിച്ച് ഇനിയും അക്രമത്തിന് പോവുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ പറയുന്നു. പുരുഷൻമാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിനാണ് നടക്കുന്നത്. കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞിരുന്നു.
ഇ.പി.ജയരാജന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻ തന്നെ നേരിട്ട് ഇപിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Discussion about this post