റായ്ച്ചൂർ ; കർണാടകയിൽ തിരഞ്ഞെടുപ്പ് ഐക്കണായി പ്രശസ്ത ടോളിവുഡ് സംവിധായകൻ എസ്എസ് രാജമൗലി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ ബോധവത്കരിക്കുന്നതിനായാണ് എസ്എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തിരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്.
വോട്ടിംഗിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനുമായി കായിക താരങ്ങളെയും സിനിമാ സംവിധായകരെയും അഭിനേതാക്കളെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഐക്കണുകളായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കാറുണ്ട്. രാജമൗലിയെ നിയമിക്കാനുള്ള നിർദ്ദേശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി.
രാജമൗലി ജനങ്ങൾക്കിടയിൽ ജനപ്രിയനായതിനാൽ, വോട്ടിംഗിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരിൽ നിന്ന് മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ചന്ദ്രശേഖര നായിക് പറഞ്ഞു. വോട്ടിംഗിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വീഡിയോകളിലൂടെ വോട്ടിംഗ് ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് തിരഞ്ഞെടുപ്പ് ഐക്കണിന്റെ പ്രധാന ദൗത്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതുപോലെ, അദ്ദേഹത്തിന്റെ വീഡിയോകളിലൂടെ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം.
ഈ വീഡിയോകളിൽ ഏതെങ്കിലും കക്ഷികളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ ഉണ്ടാകില്ല. മുൻപ് ഇതിനായി അഭിനേതാക്കളെയും തിരഞ്ഞെടുത്തിട്ടുണ്ട് .
Discussion about this post