കൊച്ചി: സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജേഷ് പിള്ളയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസ്. വിജേഷിന്റെ കൊച്ചിയിലെ സ്ഥാപനം കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡബ്ല്യൂ.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയാണ് ഇയാൾ വഹിക്കുന്നതെന്നാണ് സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന വിവരം.
2017ൽ കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസിന് കീഴിലാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്, കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ഓഫീസ് കളമശേരിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെക്കൂടാതെ മറ്റൊരാൾ കൂടി കമ്പനിയുടെ ഡയറക്ടറാണ്.
വിജേഷ് പിള്ളയെ തിരക്കി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസർമാർ എത്തിയിരുന്നതായി ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന മോൺലാഷ് എന്ന കെട്ടിടത്തിന്റെ ഉടമയായ ജാക്‌സൺ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ആറ് മാസം വിജേഷ് പിള്ളയുടെ സ്ഥാപനം കെട്ടിട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി ജാക്സൺ പറയുന്നു. ആറ് മാസത്തിന് ശേഷം ഇയാളെ കാണാതായി. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല. ഒരു ലക്ഷത്തോളം രൂപ കുടിശികയായി നൽകാനുണ്ടെന്നും ജാക്‌സൺ പറഞ്ഞു.












