കൊച്ചി: എംഡിഎംഎയുമായി നടനും എറണാകുളം നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന സംഘത്തലവനും പിടിയിൽ. നടൻ തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് (32- ചാർലി), സംഘത്തലവൻ ഞാറക്കൽ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടിൽ ശ്യാംകുമാർ (38- ആശാൻ സാബു) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നിധിന്റെ പക്കൽ നിന്ന് 5.2 ഗ്രാം കഞ്ചാവും പിടികൂടി.
ശ്യാംകുമാറിന്റെ സംഘത്തിൽ പെട്ട പത്തോളം പേരെ കഴിഞ്ഞ ഒരു മാസത്തിനിടെ പിടികൂടിയിരുന്നു. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്ന് കടത്ത് തുടങ്ങീ ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്യാംകുമാർ. നഗരത്തിലെ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നടനെ കൂട്ടുപിടിച്ച് ഇയാൾ നഗരത്തിൽ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ സ്‌കൂട്ടറും ഇരുവരുടേയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയായിരുന്നു വിൽപ്പന. ‘ചാർലി’ എന്ന പേരിലാണ് നിധിൻ ജോസ് സിനിമാമേഖലയിൽ അറിയപ്പെടുന്നത്.












