ബംഗളൂരു: സ്വർണ കള്ളക്കടത്തു കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനവുമായി കണ്ണൂർ സ്വദേശി വിജേഷ് പിള്ള എത്തിയെന്ന ആരോപണത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് സ്വപ്‌ന സുരേഷ്. നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്.
നായാട്ട് ആരംഭിച്ചു. എന്റെ പരാതിയിൽ കർണാടക പൊലീസ് ദ്രുത നടപടികൾ ആരംഭിച്ചു. കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം റജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച്, എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ? നായാട്ട് തുടങ്ങി സഖാക്കളെയെന്നാണ് പോസ്റ്റ്.
സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പു ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്. ബെംഗളൂരുവിലെ ഹോട്ടലിൽവെച്ചു നടന്ന ചർച്ചയിൽ കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും മക്കളെയുംകൊണ്ട് താൻ ഹരിയാനയിലേക്കോ, ജയ്പുരിലേക്കോ മാറണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സ്വപ്ന ആരോപിച്ചിരുന്നത്. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, യൂസഫലി, രവി പിള്ള എന്നിവരുടെ പേരെടുത്തു വിമർശനം ഉയർത്തിയിരുന്നു











