അഗർത്തല : വിവാഹത്തിന് വെള്ളമടിച്ചെത്തിയ വരൻ വേദിയിൽ കിടന്നുറങ്ങി. ഇതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. അസമിലെ നാൽബാരി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വരൻ കിടന്നുറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
നാൽബാരി സ്വദേശിയായ പ്രസൻജീത് ഹലോയ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാനാകാതെ അടുത്തിരുന്നയാളുടെ മടിയിൽ കിടക്കുകയായിരുന്നു. മന്ത്രങ്ങൾ ഉരുവിടാൻ പോലും യുവാവിന് സാധിച്ചിരുന്നില്ല. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ മണ്ഡപത്തിൽ കിടന്നത്. ഇതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി.
വിവാഹത്തിന് വരുമ്പോൾ തന്നെ വരൻ മദ്യപിച്ചിരുന്നുവെന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്. കാറിൽ നിന്നിറങ്ങാൻ പോലും അയാൾക്ക് കഴിഞ്ഞിരുന്നില്ല. വധു പിന്മാറിയതോടെ വിവാഹം പൂർത്തിയാക്കാൻ എല്ലാവരും ചേർന്ന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. വരന്റെ വീട്ടുകാരോട് അപേക്ഷിച്ചെങ്കിലും 95 ശതമാനം ആളുകളും അമിതമായി മദ്യപിച്ചിരുന്നുവെന്ന് വധുവിന്റെ കുടുംബക്കാർ പറഞ്ഞു.
തുടർന്ന് വിവാഹത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം നാൽബാരി പോലീസിൽ പരാതി നൽകി.








