ബംഗളൂരു : കർണാടകയിൽ കോൺഗ്രസിനെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കിലായിരുന്നപ്പോൾ താൻ ബംഗളൂരു മൈസൂരു എക്‌സ്പ്രസ് വേ നിർമ്മിക്കുന്ന തിരക്കിലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം തനിക്ക് ഒരു സുരക്ഷാ കവചമായി മാറിയ കാര്യം കോൺഗ്രസിനറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണ്ഡ്യ, ഹുബ്ബള്ളി-ധാർവാഡ് ജില്ലകളിലായി 16,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. എൻഎച്ച്-275-ന്റെ ഭാഗമായ ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി ഏകദേശം 8,480 കോടി രൂപ ചെലവിൽ വികസിപ്പിച്ചതാണ്. ഇത് ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കും.
” കോൺഗ്രസുകാർ മോദിയുടെ ശവക്കുഴി തോണ്ടുന്നത് സ്വപ്‌നം കണ്ടിരുന്നപ്പോൾ, മോദി ഇവിടെ എക്‌സ്പ്രസ് വേ പണിത് ജനങ്ങളുടെ ജീവിതം സുരക്ഷിമാക്കുന്ന തിരക്കിലായിരുന്നു. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്‌നേഹവും അനുഗ്രഹവും മോദിക്ക് ഇന്ന് ഒരു സുരക്ഷാ കവചമായി മാറിക്കഴിഞ്ഞ കാര്യം ശവക്കുഴി സ്വപ്‌നം കണ്ടിരിക്കുന്ന കോൺഗ്രസിന് അറിയില്ല” പ്രധാനമന്ത്രി തുറന്നടിച്ചു.
”2014 മുൻ കോൺഗ്രസ് സർക്കാർ പാവങ്ങളെ നശിപ്പിക്കാനുള്ള ഒന്നും വെറുതെവിട്ടിരുന്നില്ല. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് അവർ ജീവിച്ചു. എന്നാൽ ഇന്ന് കർണാടക വികസനക്കുതിപ്പിലാണ്.. രാജ്യം വികസനക്കുതിപ്പിലാണ്” അദ്ദേഹം പറഞ്ഞു.
2022ൽ ഇന്ത്യയ്ക്ക് റെക്കോർഡ് നിക്ഷേപമാണ് ലഭിച്ചത്. കർണാടകയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിത്തന്നത്. കോവിഡ് മഹാമാരി ഉണ്ടായിരുന്നിട്ടും കർണാടകയിൽ 4 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 3 കോടിയിലധികം ദരിദ്രർക്കായി വീടുകൾ നിർമിച്ചു നൽകിയെന്നും ഇതിൽ ലക്ഷക്കണക്കിന് ആളുകൾ കർണാടകയിൽ നിന്നുള്ളവരായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജൽ ജീവൻ മിഷനു കീഴിൽ കർണാടകയിലെ 40 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളവും എത്തിക്കാൻ സാധിച്ചു.
ബയോടെക്നോളജി മുതൽ പ്രതിരോധ മേഖലയിലെ നിർമ്മാണം, എയ്റോസ്പേസ്, ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള പുതിയ വ്യവസായങ്ങൾക്കെല്ലാം അടിസ്ഥാനം കർണാടകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post