ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രാഷ്ട്രീയത്തിലേക്കെന്ന പ്രഖ്യാപനം ഏറെ ആവേശത്തോടെയായിരുന്നു തമിഴ് മക്കൾ ഏറ്റെടുത്തത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട സമയത്തായിരുന്നു അത്. എന്നാൽ കൊറോണയ്ക്ക് പിന്നാലെ താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താരത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് മാദ്ധ്യമങ്ങളും ആരാധകരും അന്വേഷിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. എന്നാലിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
” ഞാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ച് ഉടൻ ആണ് ലോകം രണ്ടാം കൊവിഡ് തരംഗത്തിന് സാക്ഷിയാകുന്നത്. 2020 ഡിസംബറിലായിരുന്നു അത്. ഞാൻ എൻറെ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം പ്രതിരോധ മരുന്നുകൾ കഴിക്കുന്ന കാലമായിരുന്നു അത്. എങ്കിലും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും എനിക്ക് പിന്നോട്ട് പോകാൻ സാധിക്കില്ലായിരുന്നു.
ഇത് സംബന്ധിച്ച് അന്ന് ഡോ. രാജനുമായി ചർച്ച നടത്തി. എൻറെ രാഷ്ട്രീയ പ്രവേശന തീരുമാനത്തോട് അദ്ദേഹം യോജിച്ചില്ല. എൻറെ തീരുമാനം മാറ്റുന്നില്ലെങ്കിൽ ചില നിബന്ധനകൾ അംഗീകരിച്ച് രാഷ്ട്രീയത്തിൽ സജീവമാകാമെന്ന് അദ്ദേഹം ഉപാധി വച്ചു.എല്ലാ യോഗത്തിലും മാസ്‌ക് ധരിക്കണം. ജനങ്ങളിൽ നിന്നും പത്ത് അടി മാറിനിൽക്കണം എന്നതൊക്കെയായിരുന്നു ഉപാധികൾ.
എന്നാൽ ഈ രണ്ട് വ്യവസ്ഥകളും രാഷ്ട്രീയ പ്രവർത്തനത്തിന് അസാധ്യമായിരുന്നു. ജനങ്ങൾ എന്നെ മാസ്‌ക് ഇല്ലാതെ കാണാൻ ആവശ്യപ്പെടും. ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന വേദികളിൽ ദൂരം പാലിക്കാൻ സാധിക്കില്ല. ഇക്കാരണത്തലാണ് താൻ രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിന്മാറിയതെന്ന് താരം വ്യക്തമാക്കി.
Discussion about this post