തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമാണ് ബ്രഹ്മപുരത്തെ തീപിടുത്തമെന്ന് ടിജെ വിനോദ് എംഎൽഎ. മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണച്ചിട്ടില്ലെന്നും നഗരം ഇന്നും പുകയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കെച്ചിയെ ഈ അവസ്ഥയിൽ എത്തിച്ചത്. അഗ്‌നിശമന യൂണിറ്റുകൾ വെള്ളത്തിനായി ക്യൂ നിൽക്കേണ്ട ഗതികേടാണ്. ദുരന്തം നേരിടുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാർ ബ്രഹ്മപുരം സന്ദർശിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഡോസൾഫാൻ ദുരന്തം സൃഷ്ടിച്ചതിന് സമാനമാണ് കൊച്ചിയിലെ ദുരന്തമെന്ന് പറഞ്ഞ എംഎൽഎ, തീ പൂർണമായി അണച്ചുകഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രിയെ വാദം തള്ളി. തീ പൂർണമായി അണച്ചിട്ടില്ലെന്നും താനിത് ആധികാരികമായാണ് സഭയെ അറിയിക്കുന്നത് എന്നും എംഎൽഎ അവകാശപ്പെട്ടു.
തീ നിയന്ത്രിക്കുന്നതിലും പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിലും കളക്ടറും നഗരസഭയും പരാജയപ്പെട്ടു. തീപിടിച്ചപ്പോൾ മുന്നറിയിപ്പും ഏകോപനവും ഉണ്ടായില്ല. ബ്രഹ്മപുരത്തെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. കൊച്ചി നഗരസഭയുടേയും ജില്ലാഭരണകൂടത്തിന്റേയും പിടിപ്പുകേടുകൊണ്ട് ജനങ്ങൾക്ക് ശ്വാസം മുട്ടി ജീവിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറേ പൂർണമായി നിയന്ത്രണ വിധേയമായതായി എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഇതിന്റെ വീഡിയോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് മൂന്നിന് ബ്രഹ്മപുരത്തുനിന്ന് കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ മുതൽ 12ാം തീയതി വരെയുള്ള വീഡിയോ സഹിതമാണ് കളക്ടർ പങ്കുവെച്ചത്.













Discussion about this post