ലക്‌നൗ: വിവാഹം വേദിയിൽ വച്ച് വേണ്ടെന്ന് വച്ച് വരൻ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാൻ വരൻ പറഞ്ഞ കാരണമാണ് വൈറലാവുന്നത്. നടന്നത് വിചിത്രമായ സംഭവമാണ്. തന്റെ വധു 12-ാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയതിന്റെ പേരിൽ ആണ് ഈ വരൻ വിവാഹം തന്നെ വേണ്ടെന്ന് വെച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ വരന്റെ കുടുംബം ‘ഗോധ് ഭാരായി’ ആചാരം നടത്തിയിട്ടും സ്ത്രീധന ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് വിവാഹം നിർത്തിയതായി വധുവിന്റെ കുടുംബം ആരോപിച്ചു. വരന്റെ കുടുംബത്തിലെ സ്ത്രീ വധുവിനെ അവരുടെ കുടുംബത്തിലേക്ക് പരസ്പരം സ്വീകരിക്കുന്ന ചടങ്ങാണ് ഗോധ്ഭാരായി ചടങ്ങ്.
പെൺകുട്ടിക്ക് 12-ാം ക്ലാസിലെ മാർക്ക് ഷീറ്റിൽ മാർക്ക് കുറവാണെന്ന് പറഞ്ഞ് വരന്റെ വീട്ടുകാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെന്ന് വധുവിന്റെ പിതാവ് ആരോപിച്ചു. സ്ത്രീധനം കൂടുതൽ നൽകാനാവില്ലെന്ന് വധുവിന്റെ പിതാവ് വ്യക്തമാക്കിയതോടെ പെൺകുട്ടിക്ക് ഇന്റർമീഡിയറ്റിൽ മാർക്ക് കുറവാണെന്ന് കാണിച്ച് വരന്റെ വീട്ടുകാർ ബന്ധം ഉപേക്ഷിച്ചുവെന്നാണ് വധുവിന്റെ പിതാവ് പറയുന്നത്. വരനും കുടുംബത്തിനുമെതിരെ കർശനമായ പോലീസ് നടപടി ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.
Discussion about this post