ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ വികസന പദ്ധതികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 80,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ആധുനിക കശ്മീരിനെ പണിതുയര്ത്തുന്നതിനാണ് ഈ പാക്കേജെന്നും മോദി വ്യക്തമാക്കി.
ഞങ്ങളുടെ പണസഞ്ചി മാത്രമല്ല, ഹൃദയങ്ങളും കശ്മീരിനു വേണ്ടി തുടിക്കുകയാണ്-മോദി പറഞ്ഞു. പിഡിപി-ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണ്.
മികച്ച വിദ്യാഭ്യാസം, മുതിര്‍ന്നവര്‍ക്ക് ആരോഗ്യസേവനം, ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും കൃഷി, യുവജനതയ്ക്കു തൊഴില്‍ തുടങ്ങിയവയ്ക്കാണ് ഈ പണം ചെലവഴിക്കേണ്ടത്. വിനോദസഞ്ചാരത്തിനൊപ്പം പഷ്മീന, കുങ്കുമപ്പൂവ്, ആപ്പിള്‍ തുടങ്ങിയ പരമ്പരാഗത വികസന മോഡലുകള്‍ വികസിക്കണം. 1.75 കോടി ജനങ്ങളാണ് അവധിക്കാലം ചെലവഴിക്കാന്‍ ഇന്ത്യയ്ക്കു പുറത്തുപോകുന്നത്. എന്നാല്‍ അവരില്‍ അഞ്ച് ശതമാനം പേര് ഇങ്ങോട്ടു വന്നാല്‍ തന്നെ സംസ്ഥാനം വികസിക്കും- അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്് ജനങ്ങളെ അഭിസംബോധന ചെയ്തത മോദി ഈ സ്റ്റേഡിയത്തില്‍ രാജ്യന്തര മത്സരങ്ങള്‍ നടക്കുന്നത് ചിന്തിച്ച് നോക്കു എന്ന് പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കശ്മീരിലെ യുവജനത മല്‍സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്നുണ്ട്. അവരെയോര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
ഇവിടുത്തെ ഓരോ കുടുംബത്തെയും പ്രശ്നങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവരും. ലോകം എത്ര മുന്നോട്ടുപോയെന്നു പറഞ്ഞാലും മനുഷ്യത്വം ഇല്ലെങ്കില്‍ നാമൊന്നുമല്ല. കശ്മീരില്ലാതെ, ഇന്ത്യ പൂര്‍ണമാകില്ല. എനിക്ക് ദീപാവലി സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ ആഘോഷിക്കാമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്കൊപ്പം ഇവിടെ കഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2001ല്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍, ലോകം കരുതി സംസ്ഥാനം ഒരിക്കലും അതിനെ അതിജീവിക്കില്ലെന്ന്.
എന്റെ എല്ലാ ജന്മദിനത്തിലും അമ്മ എനിക്ക് അഞ്ച് രൂപയോ 11 രൂപയോ സമ്മാനം തരുമായിരുന്നു. എന്നാല്‍ കഴിഞ്ഞ പിറന്നാളിന് അമ്മ എനിക്ക് 5,000 രൂപയാണ് തന്നത്. കശ്മീരിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കു നല്‍കണമെന്നു പറഞ്ഞെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post