ഡല്‍ഹി: ഹരിയാന ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതം കണ്ടറിഞ്ഞ് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ. കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള യു.എന്‍. അംബാസഡറായ താരം ഇന്ത്യയിലെ കാര്‍ഷികമേഖലയിലെ മാറ്റങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളും അടുത്തറിഞ്ഞ് മേവാത് ജില്ലയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.
ഇന്ത്യയിലെ കാര്‍ഷികമേഖലയിലെ മാറ്റങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററിക്കായി ന്യൂഡല്‍ഹി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ്(സി.എസ്.ഇ) ഡയറക്ടര്‍ ജനറല്‍ സുനിത നാരായണുമായുള്ള അഭിമുഖത്തിനാണ് ഡി കാപ്രിയോ ഇന്ത്യയിലെത്തിയത്. ഡി കാപ്രിയോ ആഗ്രയില്‍ താജ്മഹലും സന്ദര്‍ശിച്ചിരുന്നു.
മേവാത്തിലെ ഖേലാഡി ഗ്രാമത്തിലാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിനിടെയാണ് ഗ്രാമീണകര്‍ഷകരെ കണ്ടത്. കാലംതെറ്റിയ കാലാവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഏക്കറുകണക്കിന് കൃഷിഭൂമി വെള്ളംകയറി കിടക്കുന്നതും കണ്ടു. കാലാവസ്ഥാ മാറ്റമാണോ എന്നൊന്നും അറിയില്ല. പക്ഷേ, മുമ്പില്ലാതിരുന്ന കുറെ കാര്യങ്ങളാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ ഇപ്പോഴും ചാണകവും വിറകും കൊണ്ടാണ് സ്ത്രീകള്‍ പാചകം ചെയ്യുന്നത്. പാചകവാതകത്തിന് വില കൂടിയതിനാല്‍ പലരും ഉപയോഗിക്കാതെ വെച്ചിരിക്കുകയാണ്. ഊര്ജദാരിദ്ര്യത്തെയും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളെയും കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് സുനിത നാരായണ്‍ പറഞ്ഞു.
Discussion about this post