കോഴിക്കോട്: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത ഷുക്കൂർ വക്കീലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇത്തരക്കാർ ഇസ്ലാം മതം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ഷാജി പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.
ശരീഅത്ത് നിയമത്തെ എതിർത്ത് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത ഷുക്കൂർ വക്കീലിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വ്യക്തി നിയമത്തെ എതിർക്കുന്നവർ ഇസ്ലാം മതം ഉപേക്ഷിക്കട്ടെ. അതാണ് നല്ലതെന്നും ഷാജി പറഞ്ഞു.
സിനിമാ നടൻ കൂടിയായ ഷുക്കൂർ വക്കീൽ തന്റെയും ഭാര്യയുടെയും സ്വത്തുക്കൾ പൂർണമായും മക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വിവാഹിതനായത്. 1994 ൽ വിവാഹിതരായ ഇവർക്ക് മൂന്ന് പെൺമക്കളാണ്. ആൺമക്കൾ ഇല്ലാത്തതിനാൽ മുസ്ലീം പിന്തുടർച്ച നിയമ പ്രകാരം സ്വത്തുക്കളിൽ ഒരു പങ്ക് മാത്രമേ ഇവർക്ക് ലഭിക്കൂ. ഇത് മറികടക്കുന്നതിന് വേണ്ടിയായിരുന്നു വിവാഹം.
കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരും വീണ്ടും വിവാഹം ചെയ്തത്. പെൺമക്കൾ സാക്ഷിയായ ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഷുക്കൂർ വക്കീലിനും കുടുംബത്തിനും ഭീഷണി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇവരുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post