ചെന്നൈ: തമിഴ്‌നാട്ടിൽ പലയിടങ്ങളിലായി സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാറാണ് പിടിയിലായത്.
ദിവസവും സൗജന്യമായി ആഹാരം കഴിക്കാൻ പലതും ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി ജയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് തമിഴ്‌നാട്ടിലുടനീളം ബോബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പോലീസിനെ പരിഭ്രാന്തിയിലാക്കിയത്. അറസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് 34 കാരൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. സന്തോഷ് കുമാറിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ.








