ന്യൂഡൽഹി : താൻ വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയ്‌ക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി. ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചതിന് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വിശദീകരണവുമായി രാഹുൽ രംഗത്തെത്തിയത്.
”ഞാൻ ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. അവർ അനുവദിക്കുകയാണെങ്കിൽ പാർലമെന്റിൽ സംസാരിക്കും” രാഹുൽ പറഞ്ഞു.
കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോരാട്ടം നടക്കുകയാണ്. കേംബ്രിഡ്ഗ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ജനാധിപത്യം ഭീഷണിയിലാണെന്നാണ് രാഹുൽ പറഞ്ഞത്. പതിപക്ഷത്തെ നിശബ്ധരാക്കുന്ന അവസ്ഥയാണെന്നും തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു. പാർലമെന്റിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുകയാണെന്നും ആരോപണം ഉണ്ടായിരുന്നു. രാജ്യത്തെ അപമാനിക്കുന്ന തരത്തിലുളളതായിരുന്നു രാഹുലിന്റെ പരാമർശം.
വിദേശ രാജ്യത്ത് പോയി ഇന്ത്യയെ അപമാനിച്ച രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നിരവധി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഈ ആവശ്യം തളളിക്കളയുകയാണ്.
Discussion about this post