തീമഴയെന്നോ, പ്ലാസ്മ മതിലെന്നോ, പ്ലാസ്മ വാട്ടര്‍ഫാളെന്നോ എന്താണ് ഈ കാഴ്ചയെ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല! ഒരു മതില്‍ കണക്കെയുയര്‍ന്ന് അസാധ്യമായ വേഗതയില്‍ സൗരോപരിതലത്തിലേക്ക് പതിക്കുന്ന പ്ലാസ്മയുടെ അതിമനോഹര ദൃശ്യം ഒരു ആസ്‌ട്രോഫ്രോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുകയാണ്. സൂര്യന്റെ ദക്ഷിണധ്രുവത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച പ്ലാസ്മയാണ് ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ (62,000 മൈല്‍) ഉയര്‍ന്ന് ഒരു പ്ലാസ്മ മതിലായി മാറിയത്.
അര്‍ജന്റീനയിലെ റഫീല സ്വദേശിയായ എഡ്യൂറാഡോ ഷാബെര്‍ഗര്‍ പൗപിയു ആണ് മാര്‍ച്ച് 9ന് തന്റെ പ്രത്യേക ക്യാമറയില്‍ ഈ സൗരക്കാഴ്ച പകര്‍ത്തിയത്. സൗരോപരിതലത്തില്‍ നിന്നും ഏതാണ്ട് 100,000 കിലോമീറ്റര്‍ (62,000 മൈലുകള്‍) ഈ പ്ലാസ്മ മതില്‍ ഉയര്‍ന്നതായി പൗപിയു സ്‌പേസ്‌വെതര്‍ ഡോട്ട് കോമിനോട് പറഞ്ഞു. ഇത്രയും വലിയ ഉയരം മനസില്‍ കാണാനാകാത്തവര്‍, ഒരു എട്ട് ഭൂമികളെ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്ന ദൃശ്യം ഭാവനയില്‍ വിചാരിക്കൂ, അത്രയും വലുപ്പത്തിലാണ് ഈ പ്ലാസ്മ മതില്‍ ഉയര്‍ന്നത്. നൂറുകണക്കിന് പ്ലാസ്മ നൂലുകള്‍ ഒരു മതില്‍ പോലെയുയര്‍ന്ന് താഴേക്ക് പതിക്കുന്നത് പോലെയാണ് ഈ ദൃശ്യം തന്റെ കംപ്യൂട്ടറില്‍ കണ്ടതെന്ന് പൗപിയൂ പറഞ്ഞു.
പോളാര്‍ ക്രൗണ്‍ പ്രോമിനന്‍സ് (പിസിപി) എന്നാണ് ഈ പ്ലാസ്മ വര്‍ഷം അറിയപ്പെടുന്നത്. കാന്തിക മണ്ഡലങ്ങളുടെ സ്വാധീനം കൊണ്ട് സൗരോപരിതലത്തില്‍ നിന്നും പ്ലാസ്മയോ അയോണീകരിക്കപ്പെട്ട വാതകമോ പുറത്തേക്ക് തെറിക്കുന്ന സോളാര്‍ പ്രോമിനന്‍സിന് സമാനമാണ് പിസിപിയും. എന്നാല്‍, പിസിപികള്‍ സൂര്യന്റെ ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ 60 ഡിഗ്രിക്കും 70 ഡിഗ്രിക്കും ഇടയിലുള്ള അക്ഷാംശ മേഖലകളിലെ കാന്തിക ധ്രുവങ്ങള്‍ക്കടുത്താണ് സംഭവിക്കുന്നത്. ധ്രുവപ്രദേശങ്ങളിലെ കാന്തിക മണ്ഡലങ്ങള്‍ വളരെ ശക്തമായതിനാല്‍ പുറത്തേക്ക് തെറിക്കുന്ന പ്ലാസ്മ തിരിച്ച് സൂര്യനിലേക്ക് തന്നെ പതിക്കുമെന്നാണ് നാസ പറയുന്നത്. ഇങ്ങനെ തിരിച്ച് സൂര്യനിലേക്ക് തിരിച്ച് പ്ലാസ്മ വീഴുന്ന അവസ്ഥയെ പ്ലാസ്മ വാട്ടര്‍ഫാള്‍ എന്നും വിളിക്കാറുണ്ട്.
പിസിപിയിലെ പ്ലാസ്മ വെറുതെയങ്ങ് താഴേക്ക് വീഴുകയല്ല. അതപ്പോഴും അതിനെ പുറത്തേക്ക് തെറിപ്പിച്ച കാന്തികശക്തിയുടെ സ്വാധീനത്തിലായിരിക്കും. എങ്കിലും മണിക്കൂറില്‍ 36,000 കിലോമീറ്റര്‍ വേഗതയിലുള്ള ഇതിന്റെ പതനം കാന്തിക മണ്ഡലം അനുവദിക്കുന്ന വേഗതയേക്കാളും വളരെയധികമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതെങ്ങെനയാണ് സാധിക്കുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുകയാണ്.









Discussion about this post