തിരുവനന്തപുരം : തനിക്ക് നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉള്ളത് കൊണ്ടാണ് സ്വപ്ന സുരേഷിനെതിരെ കേസ് കൊടുത്തത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കീൽ നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുതെ തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കൂ എന്നാണ് പറഞ്ഞത്. നട്ടെന്ന് ഒന്നല്ല, പത്തെണ്ണം ഉണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തത് എന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു. ഫ്യൂഡൽ സമൂഹത്തിലെ ജീർണത കെ സുധാകരനുണ്ട്. മോശം പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തിപരമാകുന്നത് തെറ്റായ പ്രവണതയാണ്. പരനാറി പ്രയോഗം ചർച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും അത് വീണ്ടും ചർച്ച ചെയ്യേണ്ടതില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post