തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ യാത്രികർക്ക് രക്ഷകനായി കണ്ടക്ടർ വിഷ്ണു. ഡ്രൈവർക്ക് ബോധക്ഷയം വന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിന്റെ ബ്രേക്ക് സർവ്വശക്തിയും എടുത്ത് ചവിട്ടിയാണ് വെള്ളറട സ്വദേശിയും എംപ്ലോയീസ് സംഘ് പ്രവർത്തകനുമായ വിഷ്ണു വൻ ദുരന്തത്തെ വഴിമാറ്റിയത്. നിരവധി പേരുടെ ജീവൻ രക്ഷിച്ച വിഷ്ണുവിന് സമൂഹമാദ്ധ്യമത്തിൽ വലിയ പ്രശംസയാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആനപ്പാറ ഇറക്കത്തിലായിരുന്നു സംഭവം. വെള്ളറട ഡിപ്പോയിൽ നിന്നും നെയ്യാറ്റിൻകര- അമ്പൂരി-മായം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആനപ്പാറയെത്തിയപ്പോൾ ബസിലെ ഡ്രൈവറായ രാജേഷിന് ബോധക്ഷയം ഉണ്ടാകുകയായിരുന്നു. ആനപ്പാറ ആശുപത്രിയ്ക്ക് മുൻപിൽ യാത്രികർ ഇറങ്ങാൻ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിഷ്ണു ബെല്ലടിച്ചു. എന്നാൽ സ്റ്റോപ്പിൽ നിർത്താതെ ബസ് മുന്നോട്ട് തന്നെ നീങ്ങുകയായിരുന്നു.
മുന്നോട്ട് നീങ്ങിയ ബസ് ആറാട്ടുകുഴിയിലേക്ക് തിരിയുന്നതിന് പകരം കോവില്ലൂർ റോഡിലേക്ക് കയറി. ആ സമയം റോഡിന്റെ വശത്തായി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതെല്ലാം ഇടിച്ച് തെറുപ്പിച്ച് ബസ് വീണ്ടും മുന്നോട്ട് നീങ്ങി. ഇതോടെ യാത്രികർ നിലവിളിക്കുകയായിരുന്നു. ഇത് കേട്ട വിഷ്ണും മുന്നിലേക്ക് ഓടിവന്നു. അപ്പോഴാണ് രാജേഷ് ബോധരഹിതനാണെന്ന് മനസ്സിലായത്. പെട്ടെന്ന് തന്നെ ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു.
35 ലധികം യാത്രികരാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ ആർക്കും പരിക്കില്ല. രാജേഷ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സമയോചിതമായ ഇടപെടലിലൂടെ യാത്രികരുടെ ജീവൻ രക്ഷിച്ച വിഷ്ണുവിനെ കെഎസ്ടി എംപ്ലോയീസ് സംഘ് അഭിനന്ദിച്ചു.
Discussion about this post