ന്യൂഡൽഹി : അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം ആരും പ്രശ്‌നമുണ്ടാക്കാൻ ധൈര്യപ്പെടാത്ത രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ഒരു പ്രതിരോധ നയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നരേന്ദ്രമോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജ്യത്തിന് ഒരു പ്രതിരോധ നയവും ഇല്ലായിരുന്നു. യുപിഎ ഭരണകാലത്ത് പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം വളരെ സാധാരണമായ കാര്യമായിരുന്നു. ഇപ്പോൾ സർജിക്കൽ സ്ട്രൈക്കിനും ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ആർക്കും ധൈര്യമില്ല” അമിത് ഷാ പറഞ്ഞു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ ലോകത്തിന് മുന്നിലുളള രാജ്യത്തിന്റെ കാഴ്ചപ്പാട് മുഴുവനായും മാറി. ഇന്ന് യുഎസിനും ഇസ്രായേലിലും ശേഷം ആരും നേരിടാൻ ഭയക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ന്
ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ സൈന്യവുമായി ആർക്കും പ്രശ്‌നത്തിലേർപ്പെടാനാകില്ല. എല്ലാ രാജ്യങ്ങളുമായി സൗഹൃദബന്ധമാണ് നാം ആഗ്രഹിക്കുന്നത്, എന്നാൽ അതേ സമയം ഒരു തരത്തിലുള്ള കടന്നുകയറ്റങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ പവർ എന്ന സങ്കൽപ്പത്തിൽ ഒരിക്കലും വിശ്വസിക്കുന്നില്ല. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുന്നിലെത്താനുമാണ് നാം ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








