ന്യൂഡൽഹി: ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉത്തരവിനെതിരെ പ്രതി മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാരിനും എതിർ കക്ഷിക്കുമാണ് നോട്ടീസ് നൽകിയത്. മറുപടി ഉടൻ സമർപ്പിക്കാനും നോട്ടീസിൽ നിർദ്ദേശമുണ്ട്.
ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിഷാം സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷയിൽ ഇളവ് നൽകുന്നതിന് പുറമേ കേസിൽ അന്തിമ വിധിയുണ്ടാകുന്നതുവരെ തന്നെ ജാമ്യത്തിൽ വിടണമെന്നും നിഷാം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നിഷാം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
തൃശ്ശൂർ സെഷൻസ് കോടതിയാണ് നിഷാമിന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ വിവിധ വകുപ്പുകൾ പ്രകാരം 80.30 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാൻ ആയിരുന്നു കോടതിയുടെ ഉത്തരവ്.
ഇതിനിടെ നിഷാമിന് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഹർജി നൽകിയത്.
Discussion about this post