കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എംഡി സന്തോഷ് ഈപ്പനും അറസ്റ്റിൽ. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്.
പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് യൂണിറ്റാക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്
സംസ്ഥാന സർക്കാരിന്റെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്കായി യുഎഇ എൻജിഒ റെഡ് ക്രസന്റ് നൽകിയ 18.5 കോടി രൂപയിൽ നിന്ന് 4.4 കോടി രൂപയോളം സന്തോഷ് ഈപ്പൻ കമ്മീഷനായി തട്ടിയെടുത്തു എന്നതാണ് പരാതി. കമ്മീഷൻ തുക ഉപയോഗിച്ച് 3.80 കോടി രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ കരിഞ്ചന്തയിൽ നിന്ന് വാങ്ങുകയും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പണം കൈമാറുകയും ചെയ്തതായാണ് ആരോപണം.
ഏറ്റവും പുതിയ കേസോടെ, യുഎഇ കോൺസുലാർ സ്റ്റാഫിന്റെയും അവരുമായി ബന്ധപ്പെട്ടവരുടെയും പേരുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത 3 കേസുകളിലും സന്തോഷ് പ്രതിയാണ്.
Discussion about this post