ഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ അമ്മാവനായ ഹർജിത് സിംഗിനെ അസമിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് നടപടി. ഹർജിതിന് പുറമെ അമൃത്പാലിന്റെ നാല് കൂട്ടാളികളേയും ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അമൃത്പാലിനും കൂട്ടാളികൾക്കുമെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് കേസ്. ഇതോടെ കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. അമൃത്പാൽ സിംഗിന്റെ 114 കൂട്ടാളികളെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ‘വാരിസ് പഞ്ചാബ് ദേ’ ഗ്രൂപ്പിലെ നിരവധി അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.
അമൃത്പാൽ സിംഗ് പാകിസ്താനിലേക്കോ നേപ്പാളിലേക്കോ കടക്കാനുള്ള സാധ്യത പരിഗണിച്ച് ബിഎസ്എഫിനും എസ്എസ്ബിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബിലുടനീളം മൂവായിരത്തോളം അർധസേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് നാളെ ഉച്ചവരെ നീട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അമൃത്പാലിന്റെ അമ്മാവനായ ഹർജിത് സിംഗും ഡ്രൈവർ ഹർപ്രീത് സിംഗും പോലീസിൽ കീഴടങ്ങിയത്. ഹർജിതിൽ നിന്ന് തോക്കും ഒന്നര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
അമൃത്പാൽ സിംഗിനെ പാക് ചാര സംഘടന സഹായിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പഞ്ചാബ് ഐജി സുഖ്‌ചെയ്ൻ സിംഗ് വ്യക്തമാക്കി. ശനിയാഴ്ച ജലന്തറിൽ പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ഉപയോഗിച്ച ആഡംബര എസ്യുവി, അമൃത്പാലിനു പഞ്ചാബിലെ ലഹരി മാഫിയ നേതാവ് സമ്മാനിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post