തിരുവനന്തപുരം: ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും ഇപ്പോൾ ലോകമാകെ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപകമായ കാട്ടുതീ, കൊടുങ്കാറ്റ്, വരൾച്ച, അതിവർഷം, വെളളപ്പൊക്കം തുടങ്ങിയവയെല്ലാം അതിന്റെ പരിണിത ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിലും ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനെ ഫലപ്രദമായി നേരിടാനും അതിജീവിക്കാനുമുളള നടപടികൾക്കാണ് നാം തുടക്കം കുറിച്ചിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ അന്താരാഷ്ട്ര വനദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വനനശീകരണം തുടരുന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖല നശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മനുഷ്യ ഇടപെടൽ തുടങ്ങിയവയെല്ലാം കാടിനെ ചെറുതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനസംരക്ഷണം സംരക്ഷിത വനങ്ങളെക്കുറിച്ച് മാത്രമല്ല. ഭൂമിയിലെ ആകെ കാടുകളുടെ 18 ശതമാനം മാത്രമായിരിക്കും സംരക്ഷിതവനം. അതുകൊണ്ടു തന്നെ വനവും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുന്നതിന് സംരക്ഷിത വനങ്ങൾക്കൊപ്പം ഇതര വനങ്ങളും ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. എല്ലാവരുടെയും കൂട്ടുത്തരവാദിത്വത്തോടെയുളള പ്രവർത്തനങ്ങളിലൂടെ മാത്രമേ അത് സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.













Discussion about this post