ലക്‌നൗ: ആശുപത്രിയിലെ കൊതുകടിയിൽ നിന്നും രക്ഷ തേടി ഉത്തർപ്രദേശ് പോലീസിനെ സമീപിച്ച് യുവാവ്. രാജ് മൊഹല്ല സ്വദേശിയായ അസദ് ഖാനാണ് കൊതുകുകടിയ്ക്ക് പരിഹാരം തേടി പോലീസിനെ സമീപിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസ് എത്തി ഇതിന് പരിഹാരവും കണ്ടു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അസദ് ഖാന്റെ ഭാര്യയും പെൺകുഞ്ഞും ചന്ദ്രൗസിയിലെ ഹരിപ്രകാശ് നഴ്‌സിംഗ് ഹോമിലാണ് ഉള്ളത്. പ്രസവ ശേഷം വാർഡിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും കൊതുകൾ കടിക്കുന്നുണ്ടായിരുന്നു. പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ മാറാത്ത യുവതിയ്ക്ക് കൊതുകിന്റെ ശല്യം കൂടിയായപ്പോൾ ആശുപത്രിവാസം ദുസ്സഹമായി. മറ്റാരും നോക്കാനില്ലാത്തതിനാൽ കൊതുകിനെ കൊല്ലാനുള്ള കോയിൽ പുറത്ത് പോയി വാങ്ങിയ്ക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് അസദ് പരിഹാരം തേടി പോലീസിനെ സമീപിച്ചത്.
ട്വിറ്ററിൽ യുപി പോലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു യുവാവ് സഹായം അഭ്യർത്ഥിച്ചത്. തന്റെ ഭാര്യ ചന്ദ്രൗസിയിലെ ഹരിപ്രകാശ് നഴ്‌സിംഗ് ഹോമിൽ പെൺകുഞ്ഞിന് ജന്മം നൽകി. ഇതേ തുടർന്നുള്ള വേദന അവൾക്ക് വിട്ടുമാറിയിട്ടില്ല. ഇതോടൊപ്പം അവളെ ധാരാളം കൊതുകുകളും കടിയ്ക്കുന്നു. ഇത് അവളുടെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നു. അതിനാൽ കൊതുക് കടിയിൽ നിന്നും സംരക്ഷണം ലഭിക്കാൻ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അസദ് കുറിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് നിമിഷങ്ങൾക്കുള്ളിൽ തന്നെ കൊതുകിനെ നശിപ്പിക്കുന്ന കോയിലുമായി ആശുപത്രിയിൽ എത്തി. തുടർന്ന് യുവാവിന് ഇത് കൈമാറുകയായിരുന്നു. നിരവധി തിരക്കുകൾക്കിടയിലും തന്റെ സാഹചര്യം മനസ്സിലാക്കി സഹായിച്ച പോലീസിന് നന്ദി പറയുന്നുവെന്ന് അസദ് പ്രതികരിച്ചു.
Discussion about this post