ന്യൂഡൽഹി: അരനൂറ്റാണ്ടിന് ശേഷം സൈനികരുടെ ഭക്ഷണക്രമം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സൈനികർക്ക് ഇനി മുതൽ ഭക്ഷണത്തിൽ ഗോതമ്പിനൊപ്പം പരമ്പരാഗത ധാന്യങ്ങളും നൽകും. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്.
നമ്മുടെ രാജ്യത്തെ കാലാവസ്ഥക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും അനുയോജ്യമാണ് മില്ലറ്റുകൾ. ഇവയുടെ ആരോഗ്യഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമമായ ഇവയുടെ ഉപയോഗത്തിലൂടെ, സൈനികരുടെ കർമശേഷി ഇനിയും ഉയരുമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പിൽ പറയുന്നു.
സൈനികർക്ക് ആവശ്യമായ മില്ലറ്റ് സംഭരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായും പ്രസ്താവനയിൽ പറയുന്നു. ബാജ്ര, ജോവർ, റാഗി എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ സൈനികർക്ക് നൽകുക. ഇവ സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കാനും ഗുണകരമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post