ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരസംഘടനയുടെ അനുകൂലിയായ അമൃത്പാൽ സിംഗിന്റെ രാജ്യവിരുദ്ധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിനോട് അമൃത്പാൽ സിംഗിന്റെ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. പഞ്ചാബിനെ വർഗീയമായി വിഭജിക്കാനായാണ് അമൃത്പാൽ സിംഗും കൂട്ടരും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. പാകിസ്താൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ ആയുധസഹായം തേടിയിരുന്നതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി
അനധികൃതമായി പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളിലും അമൃത്സറിലെ ജല്ലുപൂർ ഖേര മേഖലയിലുള്ള ഒരു ഗുരുദ്വാരയിലുമാണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്. ഖൽസ വഹീർ പോലുള്ള മതപരമായ മാർച്ചിലൂടെ സമാഹരിച്ച പണത്തിന് കണക്കില്ല. ഖാലിസ്ഥാന്റെ പേരിൽ ഫണ്ട് ദുരുപയോഗം ചെയ്യുന്നു.ചെലവുകളെക്കുറിച്ചും പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ചും ഒരു കണക്കും നൽകാതെയാണ് അമൃത്പാൽ സിംഗിന്റെ സംഘടന പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
പഞ്ചാബിലെ ജനങ്ങളെ വിഭജിക്കാനും ഭയപ്പെടുത്താനുമാണ് അമൃത്പാൽ സിംഗിന്റെ ശ്രമങ്ങൾ.പഞ്ചാബിലെ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് മോശമായ രീതിയിലാണ് ഇവർ പെരുമാറുന്നത്. യുവാക്കളെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുകയും മതവചനങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് അമൃത്പാൽ സിംഗിന്റെയും കൂട്ടരുടെയും രീതി.
Discussion about this post