ഭൂമിയില്‍ ആദ്യമായി ജീവന്‍ എങ്ങനെയുണ്ടായി? ആ രഹസ്യം ഇന്നും നമുക്ക് പിടിതന്നിട്ടില്ല. ഇത് സംബന്ധിച്ച ശാസ്ത്രസമൂഹം പല തിയറികളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഒന്നും അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ആദ്യ ജീവന്‍ ഭൂമിയില്‍ തനിയെ ഉണ്ടായതല്ലെന്ന വാദം കാലകാലങ്ങളായി നാം കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ അത് സംബന്ധിച്ച ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് കുറച്ച് ഗവേഷകര്‍.
അതെ, ഭൂമിയില്‍ ജീവന്‍ സ്വന്തമായി ഉണ്ടായതല്ല. ജീവന് അനുകൂലമായ സാഹചര്യം ഭൂമിയില്‍ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ജീവന് വേണ്ട ചേരുവകള്‍ (അനാദിയായ ചേരുവകള്‍) ബഹിരാകാശത്ത് നിന്നാണ് വന്നതെന്ന വാദം ശരിയാണെന്നാണ് സമീപകാല ഗവേഷണം ശരിവെക്കുന്നത്. റിയുഗുവെന്ന ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച സാംപിളുകളാണ് ജീവന്റെ ചേരുവകള്‍ ഭൂമിയില്‍ തനിയെ ഉണ്ടായതല്ലെന്ന വാദത്തിന് ശക്തി പകര്‍ന്നത്.
ജാപ്പനീസ് സ്‌പേസ് എജന്‍സിയുടെ ഹയാബസ2 എന്ന ബഹിരാകാശ പേടകം 2019ല്‍ റിയുഗുവിലെ രണ്ടിടങ്ങളില്‍ നിന്ന് ശേഖരിച്ച പാറക്കഷ്ണങ്ങളുടെ സാംപിളില്‍ യുറാസില്‍, നിയാസിന്‍ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ജീവജാലങ്ങളുടെ പിറവിക്കും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വളരെ നിര്‍ണ്ണായകമായ തന്മാത്രയായ ആര്‍എന്‍എയുടെ കെമിക്കല്‍ ബില്‍ഡിംഗ് ബ്ലോക്കുകളില്‍ ഒന്നാണ് യുറാസില്‍. വൈറ്റമിന്‍ ബി3 എന്നും അറിയപ്പെടുന്ന നിയാസിന്‍ അല്ലെങ്കില്‍ നികോട്ടിനിക് ആസിഡ് ശാരീരത്തിന്റെ മെറ്റബോളിസത്തില്‍ നിര്‍ണ്ണായകമാണ്.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സാംപിളുകള്‍ ഇതുവരെ ലാബില്‍ പരിശോധിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും ആദിമമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതായത് 4.5 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് ഉള്ളതായിരിക്കാം ഇവയെന്നാണ് നിഗമനം. സൂര്യനില്‍ നിന്നും വളരെ അകലെ, ഏതാണ്ട് നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് അടുത്തായി ആയിരിക്കും റിയുഗു ഉണ്ടായതെന്നാണ് ഇതിന്റെ ഐസോടോപ്പിക് ഘടന നല്‍കുന്ന സൂചന. എന്തായാലും ജൈവിക പ്രാധാന്യമുള്ള യുറാസിലും നിയാസിനും ഭൂമിക്ക് പുറത്തുള്ള അന്തരീക്ഷത്തിലും ഉണ്ടെന്ന വസ്തുത വിരല്‍ ചൂണ്ടുന്നത് ആദിമ ഭൂമിയിലേക്ക് ഛിന്നഗ്രഹങ്ങളിലൂടെയും ഉല്‍ക്കകളിലൂടെയും ഇവ എത്തിയിരിക്കാനുള്ള സാധ്യതയിലേക്കാണെന്ന് ജപ്പാനിലെ ഹൊക്കൈഡോ സര്‍വ്വകലാശാലയിലെ അസ്‌ട്രോകെമിസ്്റ്റായ യസുഹിരോ ഒബ പറഞ്ഞു. ജീവന്‍ ഉടലെടുക്കുന്നതിന് മുമ്പ് ഭൂമിയില്‍ സംഭവിച്ച പരിണാമ പ്രക്രിയയിലും ആദ്യ ജീവന്‍ സൃഷ്ടിക്കപ്പെട്ടതിലും ഇത്തരം ബഹിരാകാശ വസ്തുക്കള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.
യുറാസില്‍ ഇല്ലാതെ റൈബോന്യൂക്ലിക് ആസിഡ് എന്ന ആര്‍എന്‍എ ഉണ്ടാകുകയില്ല. ജീവജാലങ്ങളുടെ കോശങ്ങളില്‍ കാണപ്പെടുന്ന വളരെ പ്രധാനപ്പെട്ട തന്മാത്രയായ ആര്‍എന്‍എ, ജീനുകളിലെ കോഡിംഗ്, ക്രമീകരണം, പ്രവര്‍ത്തനം എന്നിവയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ജീവജാലത്തിന്റെ ജനിതക മാതൃക അടങ്ങിയ തന്മാത്രമായ ഡിഎന്‍എയുമായി ആര്‍എന്‍എക്ക് സാദൃശ്യങ്ങളുണ്ട്. ജീവജാലങ്ങള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് മെറ്റബോളിസത്തിലൂടെയാണ്. മെറ്റബോളിസത്തില്‍ നിയാസിന്‍ വലിയ പങ്ക് വഹിക്കുന്നു.
Discussion about this post