ചണ്ഡീഗഡ് : പഞ്ചാബ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി അനുകൂല ഭീകരനായ അമൃത്പാൽ സിംഗിനോട് കീഴടങ്ങാൻ ഉപദേശിച്ച് അനുയായികൾ. അമൃത്പാലിന്റെ അടുത്ത അനുയായിയായ ഹർജീത് സിംഗിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ച പപ്പാൽ പ്രീതിന് അയച്ച സന്ദേശമാണിത്.
അമൃത്പാലിനോട് എത്രയും പെട്ടെന്ന് പോലീസിന് മുന്നിൽ കീഴടങ്ങാൻ പറയണമെന്ന് ഹർജീത് സിംഗ് പറയുന്നു. ഇന്നല്ലെങ്കിൽ നാളെ എന്തായാലും അറസ്റ്റ് ഉണ്ടാകും. പിന്നെ എന്തിനാണ് ഈ നാണംകെട്ട പരിപാടികൾ ചെയ്യുന്നത് ? അയാളോട് കീഴടങ്ങാൻ പറയൂ. ഇക്കാര്യം താൻ ഇൻസ്‌പെക്ടർ ജനറലിനെ അറിയിക്കാമെന്നും ഇയാൾ പറയുന്നുണ്ട്.
നിങ്ങൾ ഒരിക്കലും ഓടിയൊളിക്കില്ലെന്നാണ് ഖാലിസ്ഥാനി അനുഭാവികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അമൃത്പാൽ രക്ഷപ്പെട്ടുവെന്ന് ഇപ്പോൾ എല്ലാ മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. അനുയായികളുടെ വിശ്വാസം ഇല്ലാതാക്കിക്കൊണ്ടാണ് അമൃത്പാൽ സിംഗ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത് എന്നും ഹർജീത് സിംഗ് ചൂണ്ടിക്കാട്ടി.
”ഞങ്ങളെ എപ്പോൾ വേണമെങ്കിൽ അറസ്റ്റ് ചെയ്‌തേക്കാവുന്ന അവസ്ഥയിലാണ്. എന്നാൽ ഞങ്ങൾ ധീരന്മാരെപ്പോലെ പോലീസിന് പിടികൊടുക്കും. എപ്പോഴും പേടിച്ചോടാൻ സാധിക്കില്ല, കാരണം എല്ലായിടത്തും ക്യാമറകളുണ്ട്. പെട്ടെന്ന് തന്നെ പോലീസിന് മുന്നിൽ കീഴടങ്ങി സിഖുകാരെ രക്ഷിക്കണമെന്ന് അമൃത്പാൽ സിംഗിനോട് അപേക്ഷിക്കുകയാണ്,” ഹർജീത് സിംഗ് പറഞ്ഞു.
Discussion about this post