മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ബ്രിട്ടീഷ് ബന്ധം കണ്ടെത്തി മുംബൈ പോലീസ്. മെയിൽ അയച്ച ഇ-മെയിൽ ഐഡിയിൽ കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും യുകെ ആസ്ഥാനമായുള്ള ഒരു മൊബൈൽ നമ്പറുമായി മെയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആരുടെ പേരിലാണ് ഈ നമ്പർ രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്താനാണ് നിലവിൽ പോലീസ് ശ്രമം.
കഴിഞ്ഞയാഴ്ചയാണ് സൽമാൻ ഖാന്റെ ഓഫീസിലേക്ക് ഭീഷണി സന്ദേശമുള്ള ഇമെയിലുകൾ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്നോയ്, ഗോൾഡി ബ്രാർ, രോഹിത് ഗാർഗ് എന്നിവർക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഭീഷണിക്ക് പിന്നാലെ സൽമാന് മുംബൈ പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയി വധ ഭീഷണി മുഴക്കിയിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിൽ നിന്ന് സൽമാന് ഭീഷണി ലഭിച്ചതിന് പിന്നാലെയായിരുന്നു മഹാരാഷ്ട്ര സർക്കാർ സുരക്ഷ കർശനമാക്കിയത്. നേരത്തെ സൽമാന്റെ പിതാവ് സലിം ഖാനും വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. സലിം ഖാന്റെ വീടിന് മു്ന്നിൽ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്.








